ചൊവ്വയിലെ പ്രകമ്പനം; ചൊവ്വയും ഭൂമിയെപോലെ തന്നെ ആന്തരികമായി സജീവം

ചൊവ്വാഗ്രഹത്തില്‍ കഴിഞ്ഞവര്‍ഷം നടന്ന ഒരു വലിയ കമ്പനം ശാസ്ത്രലോകത്തെ ഞെട്ടിച്ചു. ഇതിന്റെ തുടര്‍കമ്പനങ്ങള്‍ 6 മണിക്കൂറോളം നീണ്ടുനിന്നു. 5 തീവ്രതയില്‍ സംഭവിച്ച പ്രകമ്പനം ഭൂമിയിലെ കമ്പനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ശരാശരി തീവ്രത മാത്രമുള്ളതാണെങ്കിലും മറ്റു ഗ്രഹങ്ങളില്‍ ഇത്രയും തീവ്രതയുള്ള ഒരു കമ്പനം നടക്കുന്നത് അതാദ്യമായിരുന്നു. മോണ്‍സ്റ്റര്‍ ക്വേക്ക് എന്നാണ് ഈ കമ്പനത്തെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചത്. ഭൂകമ്പത്തിനു സമാനമായ വമ്പന്‍ പ്രകമ്പനം ചൊവ്വയില്‍ സംഭവിച്ചെന്നു നാസ കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണു പറഞ്ഞത്. ചൊവ്വാ പര്യവേക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നാസയുടെ ഇന്‍സൈറ്റ് എന്ന ലാന്‍ഡര്‍ ദൗത്യമാണ് പ്രകമ്പനം പിടിച്ചെടുത്തത്.

കഴിഞ്ഞവര്‍ഷം മേയ് നാലിനാണ് സംഭവം നടന്നത്. എന്താണ് ഈ കമ്പനത്തിനു വഴിവച്ചതെന്ന കാര്യത്തില്‍ വിവിധ അഭിപ്രായങ്ങളുണ്ടായിരുന്നു. ഉല്‍ക്ക ഇടിച്ചാണോ ഇതു നടന്നതെന്നായിരുന്നു ഒരു സംശയം. ഇങ്ങനെയെങ്കില്‍ ചൊവ്വയില്‍ ഗര്‍ത്തമുണ്ടായേനെ. എന്നാല്‍ ഇതു കണ്ടെത്തിയില്ല. ചൊവ്വയുടെ ഉപരിതലത്തിനടിയില്‍ നിന്നുള്ള ആന്തരീയശക്തികളാണ് ഇതിനു കാരണമായിരിക്കുന്നതെന്നാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ട വിവരം. ചൊവ്വയും ഭൂമിയെപോലെ തന്നെ ആന്തരികമായി സജീവമാണെന്നാണ് ഇതു വെളിവാക്കുന്നതത്രേ.

അതുവരെയുള്ള കമ്പനങ്ങളൊന്നും ശാസ്ത്രീയമായ ജിജ്ഞാസ ഉയര്‍ത്തിയിരുന്നില്ല. എന്നാല്‍ മേയ് നാലിനു സംഭവിച്ച കനത്ത കമ്പനം ചൊവ്വാപഠനത്തിനു പുതിയ ഊര്‍ജം നല്‍കിയിരുന്നു. 2021ലും സാമാന്യം തീവ്രതയുള്ള രണ്ട് പ്രകമ്പനങ്ങള്‍ ചൊവ്വയില്‍ സംഭവിച്ചിരുന്നു. എസ്0976എ എന്നു പറയുന്ന പ്രകമ്പനം സംഭവിച്ചത് ചൊവ്വയിലെ വാലിസ് മറീനറിസ് മേഖലയിലാണ്. 4000 കിലോമീറ്ററോളം നീളത്തില്‍ വമ്പന്‍ മലകളും മലയിടുക്കുകളും സ്ഥിതി ചെയ്യുന്ന ഈ മേഖലയെ ചൊവ്വയിലെ ഗ്രാന്‍ഡ് കാന്യോണ്‍ എന്നുവിശേഷിപ്പിക്കാറുണ്ട്.

ഇന്‍സൈറ്റ് ലാന്‍ഡര്‍ നിര്‍മിച്ചത് ലോക്ഹീഡ് മാര്‍ട്ടിന്‍ സ്‌പേസ് എന്ന കമ്പനിയാണ്. നാസയുടെ ജെറ്റ് പ്രപ്പല്‍ഷന്‍ ലബോറട്ടറിയാണ് ഇതിന്റെ നിയന്ത്രണം. ഇതിനുള്ളിലുള്ള ശാസ്ത്രീയ ഉപകരണങ്ങള്‍ അധികവും നിര്‍മിച്ചത് യൂറോപ്യന്‍ ഏജന്‍സികളാണ്. 2018 മേയ് അഞ്ചിനാണു ലാന്‍ഡറെ വഹിച്ചുള്ള ദൗത്യം അറ്റ്‌ലസ് റോക്കറ്റില്‍ ഭൂമിയില്‍ നിന്നു പുറപ്പെട്ടത്. ചൊവ്വയിലെ എലീസിയം പ്ലാനീഷ്യ എന്ന മേഖലയായിരുന്നു ലക്ഷ്യം. 2018 നവംബറിലാണ് ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ലാന്‍ഡ് ചെയ്തത്.

ഈ ലാന്‍ഡറില്‍ വളരെയേറെ സെന്‍സിറ്റിവിറ്റിയുള്ള ഒരു സീസ്‌മോമീറ്റര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ ഉപകരണമാണ് കമ്പനത്തെ തിരിച്ചറിഞ്ഞ് അതിന്റെ തോത് ഭൂമിയിലെ ശാസ്ത്രജ്ഞരെ അറിയിച്ചത്. 2018 മുതലുള്ള കാലയളവില്‍ 1300 കമ്പനങ്ങള്‍ ചൊവ്വയില്‍ സംഭവിച്ചതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ചൊവ്വയുടെ ഉപരിതലം, ആന്തരിക ഘടന തുടങങിയവ വിലയിരുത്തുകയായിരുന്നു ലാന്‍ഡറിന്റെ പ്രധാന ലക്ഷ്യം. ഇതുവഴി സൗരയൂഥത്തിന്റെ ആദിമകാല ഘടനകളെക്കുറിച്ചും മനസ്സിലാക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.

Top