ന്യൂഡല്‍ഹി: ബിഎസ്പി നേതാവ് മായാവതിയുടെ രാജി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി സ്വീകരിച്ചു. ചൊവ്വാഴ്ച ദളിത് വിഷയം രാജ്യസഭയില്‍ ഉന്നയിക്കാന്‍ അനുവദിക്കാതിരുന്നതില്‍ പ്രതിഷേധിച്ചാണ് മായാവതി എം.പി സ്ഥാനം രാജിവെച്ചത്.
ഉത്തര്‍പ്രദേശില്‍ ദളിതര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് സഭയില്‍ സംസാരിക്കാന്‍ സമയം അനുവദിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സഭാ അധ്യക്ഷനായ പിജെ കുര്യന്‍ വിഷയം ഉന്നയിക്കാന്‍ മൂന്ന് മിനിറ്റ് മാത്രമാണ് നല്‍കിയത്.
ദളിത് വിഷയം ചര്‍ച്ചചെയ്യാന്‍ പോലും അനുവദിക്കാത്ത സഭയില്‍ ഇരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നാരോപിച്ചു കൊണ്ട് എം.പി സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
രാജ്യസഭാ എം പി സ്ഥാനം രാജിവച്ച ബിഎസ്പി നേതാവ് മായാവതി ഉത്തര്‍പ്രദേശിലെ ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്കു മല്‍സരിച്ചേക്കുമെന്നാണ് സൂചന.