ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന് : വെങ്കയ്യ നായിഡുവോ ഗോപാല്‍ കൃഷ്ണ ഗാന്ധിയോ ?

ന്യൂഡല്‍ഹി: രാജ്യത്തെ 15-ാം ഉപരാഷ്ട്രപതിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെ പാര്‍ലമെന്റില്‍ തയ്യാറാക്കിയ പ്രത്യേക പോളിംഗ് ബൂത്തില്‍ നടക്കും.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡുവും ഗുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിയും തമ്മിലാണ് മത്സരം. വൈകിട്ട് ഏഴുമണിയോടെ ഫലപ്രഖ്യാപനമുണ്ടാകും.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മാത്രമാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. ഇരു സഭകളിലെയും നോമിനേറ്റഡ് അംഗങ്ങള്‍ക്കും വോട്ടു ചെയ്യാം. ഇരു സഭകളിലുമായി 787 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. ലോക്സഭയില്‍ ബി.ജെ.പിയുടെ 279 സീറ്റ് അടക്കം എന്‍.ഡി.എയ്ക്ക് ആകെ 337 വോട്ടുണ്ട്.

രാജ്യസഭയില്‍ അണ്ണാ ഡി.എം.കെ, ടി.എസ്.ആര്‍. വൈ.എസ്.ആര്‍.കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ 67സീറ്റും എന്‍.ഡി.എയുടെ 80 പേരും ചേരുമ്പോള്‍ വെങ്കയ്യ നായിഡുവിന് 484 വോട്ടുകള്‍ ഉറപ്പിക്കാം. 395വോട്ടുകളാണ് ജയിക്കാന്‍ വേണ്ടത്. ബീഹാറിലെ പുതിയ സംഭവങ്ങള്‍ക്ക് ശേഷം എന്‍.ഡി.എ പക്ഷത്തോട്ട് ചാഞ്ഞെങ്കിലും ജെ.ഡി.യുവിന്റെ വോട്ട് ഗോപാല്‍ കൃഷ്ണ ഗാന്ധിക്കാണ്.

ജൂലായ് 17ന് നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 21 വോട്ട് അസാധുവായത് കണക്കിലെടുത്ത് ഇന്നലെ എന്‍.ഡി.എ എംപിാര്‍ക്ക് ഇന്നലെ പ്രത്യേക ഡമ്മി പരിശീലനം നല്‍കിയിരുന്നു. വെങ്കയ്യയ്ക്ക് വോട്ടുറപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിനു ശേഷമായിരുന്നു ഡമ്മി വോട്ടിംഗ്. മുന്നണിയിലില്ലാത്ത അണ്ണാ ഡി.എം.കെ, ടി.ആര്‍.എസ്. വൈ. എസ്. ആര്‍.കോണ്‍ഗ്രസ് അംഗങ്ങളും യോഗത്തിനെത്തി.

വെങ്കയ്യ നായിഡു തിരഞ്ഞെടുക്കപ്പെട്ടാല്‍ പത്തു വര്‍ഷത്തിനു ശേഷം ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്ന എന്‍.ഡി.എ നേതാവാകും. 2007മുതല്‍ ഉപരാഷ്ട്രപതിയായ ഡോ. ഹമീദ് അന്‍സാരിയുടെ കാലാവധി ഈമാസം പത്തിന് പൂര്‍ത്തിയാകും. ഇദ്ദേഹം ഔദ്യോഗിക വസതിയില്‍ നിന്ന് ഡല്‍ഹി എ.പി.ജെ. അബ്ദുള്‍ കലാം റോഡില്‍ പുതിയ വസതിയിലേക്ക് മാറും.

Top