മഹാത്മാഗാന്ധിയുടെ ‘നയി താലീം’ എന്ന ആശയം പിന്തുടരുന്നതാണ് പുതിയ വിദ്യാഭ്യാസ നയമെന്ന് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: സ്‌കൂള്‍ തലത്തില്‍ വിദ്യാഭ്യാസ മാധ്യമമെന്ന നിലയില്‍ മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കികൊണ്ട് മഹാത്മാഗാന്ധിയുടെ ‘നയി താലീം’ എന്ന ആശയം പിന്തുടരുന്നതാണ് പുതിയ വിദ്യാഭ്യാസ നയമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു.

ഓരോ ഇന്ത്യന്‍ ഭാഷയ്ക്കും മഹത്തായ ചരിത്രവും സമ്പന്നമായ സാഹിത്യവുമുണ്ടെന്ന് വാര്‍ധയില്‍ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി സര്‍വകലാശാലയുടെ രജതജൂബിലി ആഘോഷങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.

വിദേശ ഇന്ത്യന്‍ സമൂഹത്തെ മാതൃരാജ്യമായ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതില്‍ ഇന്ത്യന്‍ ഭാഷകള്‍ സുപ്രധാന പങ്ക് വഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഭാഷാപരമായ വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തിയെന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, ഇന്ത്യന്‍ ഭാഷകള്‍ തമ്മിലുള്ള സംവാദം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. സര്‍വകലാശാലകളിലെ ഭാഷാ വിഭാഗങ്ങള്‍ തമ്മില്‍ നിരന്തര സമ്പര്‍ക്കവും ബൗദ്ധിക സംവാദവും ഉണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Top