കാസര്‍ഗോഡ് : പെരിയ കല്ല്യോട്ട് വെട്ടേറ്റു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. കല്യോട്ട് കൂരാങ്കരിയില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് അടുത്തടുത്തായാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഒരുമണിയോടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിരുന്നു. ശേഷം പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും ആരംഭിച്ച വിലാപ യാത്രയില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനും ടി സിദ്ധീഖ് അടക്കമുള്ള നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും പങ്കു ചേര്‍ന്നു. വിവിധ ഇടങ്ങളിലായി നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. കാഞ്ഞങ്ങാട് വച്ച് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും അന്തിമോപചാരം അര്‍പ്പിച്ചു.
വിലാപയാത്രയ്ക്കിടെ കല്യോട്ട് പലയിടങ്ങളിലും പരക്കെ അക്രമം അരങ്ങേറിയിരുന്നു. പോലീസ് കനത്ത സുരക്ഷയാണ് ജില്ലയിലും വിലാപയാത്രയ്ക്കും ഒരുക്കിയിരുന്നത്.
ഞായറാഴ്ച രാത്രിയാണ് ഇരുവരെയും വെട്ടികൊല്ലപ്പെടുത്തിയത്. കാറില്‍ എത്തിയ സംഘം യുവാക്കളെ തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ശരത് ലാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ജവഹര്‍ ബാല ജനവേദി മണ്ഡലം പ്രസിഡന്റും ആണ്.
മൂന്നംഗ സംഘമാണ് ഇരുവരെയും ആക്രമിച്ചതെന്നാണ് സൂചന. രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സിപിഎം ആണെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.