ഡൽഹി: മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജായി വിക്ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കാനിരിക്കെ അതിവേഗം ഇതിനെതിരായ ഹർജികളിൽ വാദം കേൾക്കാൻ സുപ്രീം കോടതി. ഇന്ന് രാവിലെ പത്തരയ്ക്കാണ് സത്യപ്രതിജ്ഞ. കേസ് രാവിലെ 9.15 ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്താൽ വിക്ടോറിയ ഗൗരിയുടെ നിയമനം റദ്ദാക്കുക പ്രയാസകരമാവും എന്നതിനാലാണ് ഇതിന് മുൻപ് തന്നെ കേസ് വാദം കേൾക്കുന്നത്.
മദ്രാസ് ഹൈക്കോടതിയിലേക്കുള്ള അഡീഷണൽ ജഡ്ജി നിയമന ശുപാർശയും നിയമന ഉത്തരവുമാണ് ഇപ്പോൾ വിവാദവുമായിരിക്കുന്നത്. കഴിഞ്ഞ മാസം പതിനേഴിനാണ് മദ്രാസ് ഹൈക്കോടതിയുടെ മധുരാ ബെഞ്ചിൽ അഭിഭാഷകയായ വിക്ടോറിയ ഗൗരി അടക്കം അഞ്ചു പേരെ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരാക്കാൻ സുപ്രീം കോടതി കൊളീജീയം ശുപാർശ ചെയ്യുന്നത്. വിവരം പുറത്തായതോടെ ഗൗരിയെ ജഡ്ജിയായി നിയമിക്കരുതെന്ന് കാട്ടി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതികളെത്തി.