ബെംഗളൂരു: ബെംഗളൂരുവില്‍ കള്ളം പറഞ്ഞതായി ആരോപിച്ച് പത്തുവയസ്സുകാരനെ ക്രൂരമര്‍ദ്ദനത്തിനിരയാക്കി പിതാവ്. കുട്ടിയെ എടുത്തെറിയുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. സന്നദ്ധ സംഘടനയായ ബോസ്‌കോ നല്‍കിയ പരാതിയെ തുടര്‍ന്നു ബെംഗളൂരു കൊങ്കേരി സ്വദേശി മഹേന്ദ്രയാണ് അറസ്റ്റിലായിരിക്കുന്നത്. പിതാവ് കുട്ടിയെ കൈകള്‍ കൊണ്ടും, മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ചും അടിക്കുകയും, തുടര്‍ന്ന് കുട്ടിയെ കഴുത്തില്‍ പിടിച്ചുയര്‍ത്തി തറയിലേക്ക് വലിച്ചെറിയുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങങ്ങളിൽ കാണാം.
കുട്ടി നിലവിളിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും തുടര്‍ച്ചയായി രണ്ടു മിനിറ്റോളം മര്‍ദ്ദനം തുടരുകയാണ്. ദൃശ്യങ്ങള്‍ പകര്‍ത്തിയത് കുട്ടിയുടെ അമ്മയാണെന്നും പിതാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരത്തിൽ വീഡിയോ ചിത്രീകരിച്ചതെന്നും ഇവരുടെ സംഭാഷണങ്ങളില്‍നിന്ന് വ്യക്തമാണ്. വീണ്ടും കള്ളം പറഞ്ഞാൽ കുട്ടിയെ കാണിക്കുന്നതിനു വേണ്ടിയായിരുന്നു വീഡിയോ ചിത്രീകരിക്കുന്നതെന്നും സംഭാഷണങ്ങളിൽ നിന്ന് മനസിലാക്കാം