കൊച്ചി : തൃക്കാക്കരയില്‍ വീഡിയോ വിവാദം പ്രചാരണമാക്കുന്നതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി എ എൻ രാധാകൃഷ്ണൻ. മുഖ്യമന്ത്രി പൈങ്കിളി പ്രചാരണം നിർത്തി വികസനം സംസാരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പി സി ജോർജിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാണ്. ക്രിസ്ത്യൻ വോട്ട് ഇത്തവണ ബിജെപിക്ക് ലഭിക്കുമെന്നും തൃക്കാക്കരയിൽ അത്ഭുതം സൃഷ്ടിക്കുമെന്നും എ എന്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
അതേസമയം തൃക്കാക്കര ഇത്തവണ ഇടതുമുന്നണി നേടുമെന്ന് ജോ ജോസഫ് പറഞ്ഞു. ഭൂരിപക്ഷം എത്രയാണെന്ന് ഇപ്പോൾ പറയാനാകില്ല. വ്യാജ വീഡിയോ പ്രചാരണവും വിവാദങ്ങളും ഒരുവശത്ത് നടക്കുമ്പോഴും വികസനത്തിൽ മാത്രം ഊന്നിയാണ് താൻ പ്രചാരണം നടത്തുന്നതെന്നും ജോ ജോസഫ് കൂട്ടിച്ചേർത്തു .
തൃക്കാക്കര നഗരസഭ കേന്ദ്രീകരിച്ചാണ് ഇടത് ക്യാമ്പ് പ്രവർത്തിക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ നടത്തിയ കൂട്ടായ പ്രചാരണം 4000 വോട്ടിന്‍റെയെങ്കിലും ലീഡ് നല്‍കുമെന്ന പ്രതീക്ഷയിലാണ് മുന്നണി. മന്ത്രിമാരും ഭരണകക്ഷി എംഎൽഎമാരും നഗരസഭയിൽ സജീവമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോര്‍പറേഷന്‍ പരിധിയില്‍ പി ടി തോമസിന് 11,000 വോട്ടിന്‍റെ ഭൂരിപക്ഷമാണ് കിട്ടിയത്. ഇക്കുറി യുഡിഎഫിന് ഒപ്പമെത്തുമെന്ന് ഇടതുമുന്നണി അവകാശപ്പെടുന്നു. മറ്റ് മേഖലകളിലും യുഡിഎഫിന്റെ ഒപ്പത്തിനൊപ്പം നില്കുമെന്ന പ്രതീക്ഷയിലാണ് ഇടത് ക്യാമ്പ്.