കലാഭവൻ മണിയെപ്പറ്റി വ്ളോഗർമാർ അവർക്ക് തോന്നിയത് വിളിച്ചു പറയുന്നു; സഹോദരൻ

അന്തരിച്ച നടൻ കലാഭവൻ മണിയെപ്പറ്റി യൂട്യൂബ് വ്ളോഗർമാർ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയുന്നുവെന്നാരോപിച്ച് സഹോദരൻ. “നിരവധി ആളുകൾ മണിച്ചേട്ടന്റെ വീട് കാണാനും കാര്യങ്ങൾ അവതരിപ്പിക്കാനുമായി ചാലക്കുടിയിലേക്ക് എത്താറുണ്ട്. ഇത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെങ്കിലും കള്ളങ്ങളാണ് അവതരിപ്പിക്കുന്നത്. ഇത് സഹിക്കാൻ പറ്റാതായിരിക്കുന്നു.’ സഹോദരനും നർത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ പറഞ്ഞു.

വ്ളോഗർമാർ അവർക്ക് തോന്നിയ കാര്യങ്ങളാണ് മണിച്ചേട്ടനെപ്പറ്റി ചാനലിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതെന്നും മണിച്ചേട്ടന്റെ ഓട്ടോറിക്ഷയെപ്പറ്റി പ്രചരിക്കുന്ന കാര്യങ്ങൾ സത്യമല്ല. ആ ഓട്ടോ മണിച്ചേട്ടന്റെയല്ല, ഞങ്ങളുടെ മൂത്ത സഹോദരൻ വേലായുധൻ ചേട്ടന്റെ മകനുവേണ്ടി വാങ്ങിക്കൊടുത്ത വണ്ടിയാണ് അത്.’ രാമകൃഷ്ണൻ വ്യക്തമാക്കി. കാരവനെപ്പറ്റി പ്രചരിപ്പിക്കുന്ന കാര്യങ്ങളും ഞങ്ങളെ മാനസികമായി വേദനിപ്പിക്കുന്നുവെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. മണിച്ചേട്ടന്റെ വീടിനു മുമ്പിൽ നിന്നുകൊണ്ട് അദൃശ്യനായ ഒരാൾ നോക്കുന്നു എന്ന രീതിയിലുള്ള കുപ്രചരണങ്ങളും നടക്കുന്നുണ്ട്. മണിച്ചേട്ടൻ ആരുടെ അടുത്തുനിന്നും നാടൻ പാട്ടുകൾ പഠിച്ചിട്ടില്ലെന്നും വ്ളോഗർമാർ കാഴ്ചക്കാരെ കൂട്ടാൻ വേണ്ടിയാണ് ഇത്തരം അസത്യങ്ങൾ സൃഷ്ടിക്കുന്നതെന്നും വ്ളോഗർമാർ ദയവു ചെയ്ത് അസത്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Top