‘പിന്നെ എന്തിനായിരുന്നു നീ ഇന്നലെ ഞങ്ങള്‍ക്ക് പ്രതീക്ഷ തന്നത്’; ഹൃദയം നുറുങ്ങി വിധു പ്രതാപ്

കൊച്ചി: വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി ഗായകന്‍ വിധു പ്രതാപ്. ‘പിന്നെ എന്തിനായിരുന്നു നീ ഇന്നലെ ഞങ്ങള്‍ക്ക് പ്രതീക്ഷ തന്നത്??? ഇങ്ങനെ പറ്റിക്കാമോടാ ഞങ്ങളെ???’ വിധു പ്രതാപ് ഫേസ്ബുക്കില്‍ കുറിച്ചു.

ബാലഭാസ്‌കറിന്റെ ആരോഗ്യ നിലയില്‍ ഇന്നലെ നേരിയ പുരോഗതിയുണ്ടായിരുന്നെങ്കിലും പുലര്‍ച്ചെ ഹൃദയാഘാതം അനുഭവപ്പെട്ടതാണ് മരണ കാരണം. ഒത്തിരി പ്രതീക്ഷകള്‍ നല്‍കി ഒറ്റ നിമിഷം കൊണ്ടാണ് ബാലഭാസ്‌കര്‍ ലോകത്തോട് വിട പറഞ്ഞത്.

ബാലഭാസ്‌കറിന്റെ മൃതദേഹം അദ്ദേഹം പഠിച്ച യൂണിവേഴ്‌സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നൂറുകണക്കിനാളുകള്‍ പ്രിയകലാകാരനെ ഒരു നോക്കു കാണാന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരന്‍, ഇ.ചന്ദ്രശേഖരന്‍, കെ.മുരളീധരന്‍ എംഎല്‍എ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ എംഎല്‍എ വി.ശിവന്‍കുട്ടി എന്നിവരും യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തി ബാലഭാസ്‌കറിന് അന്തിമോപചാരം അര്‍പ്പിച്ചു.

Top