കോഴിക്കോട്: രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ വേദിയിൽ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മസിലമണിക്ക് പിന്തുണ പ്രഖ്യാപിച്ച് സംവിധായിക വിധു വിന്‍സെന്‍റ് രംഗത്ത്. കുഞ്ഞിലയെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് സംവിധായിക വിധു വിന്‍സെന്‍റ് മേളയിൽ നിന്ന് തന്റെ സിനിമ പിന്‍വലിച്ചു.
കുഞ്ഞിലയുടെ ആരോപണങ്ങൾക്ക് എതിരെ അക്കാദമി നിരത്തിയ വാദം തള്ളുകയാണ് വിധു വിന്‍സെന്‍റ്. ഇന്നു രാവിലെയാണ് വിധുവിന്റെ പുതിയ സിനിമയായ വൈറൽ സെബി പ്രദർശനം നടക്കേണ്ടിയിരുന്നത്. ചിത്രം പിൻവലിക്കുന്നതായി രേഖാമൂലം കത്തു നൽകിയതായും വിധു അറിയിച്ചു. മേളയിലെ നാല് മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു വിധുവിന്‍റെ വൈറല്‍ സെബി.