മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ ചലനമറ്റ ശരീരം കണ്ട് കരച്ചിലടക്കാനാവാതെ വിദ്യാബാലന്‍. തന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരത്തിന്റെ മൃതദേഹം കണ്ട് വിദ്യ പൊട്ടിക്കരഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയ് കപൂറിനൊപ്പമാണ് ശ്രീദേവിയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ വിദ്യ എത്തിയത്.
‘ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പൂര്‍ണതയുള്ള ഒരു നടിയാണ് ശ്രീദേവി. ഏതു തരം കഥാപാത്രവുമാകട്ടെ, അത് അവര്‍ മനോഹരമായി കൈകാര്യം ചെയ്യും. ഏറ്റവും റിഡിക്കുലസ് എന്ന് വിളിക്കാവുന്ന ചിത്രങ്ങളിലും ശ്രീദേവി കണ്‍വിന്‍സിംഗ് ആയിരിക്കും. ഞാന്‍ അവരെ സ്‌നേഹിക്കുന്നു.’, തുംഹാരി സുലു പ്രൊമോട്ട് ചെയ്യുന്നതിനിടയിലെ ഒരു അഭിമുഖത്തില്‍ ശ്രീദേവിയെക്കുറിച്ച് വിദ്യ പറഞ്ഞതിങ്ങനെയാണ്.
നിങ്ങള്‍ മാധുരി ക്യാമ്പ് ആണോ ശ്രീദേവി ക്യാമ്പ് ആണോ എന്ന ചോദ്യത്തിന് വിദ്യയുടെ മറുപടിയായിരുന്നു ഇത്. ‘മാധുരിയെ എനിക്കിഷ്ടമാണ്. അവരുടെ നൃത്തം, ചിരി എല്ലാം തന്നെ. എങ്കിലും എന്റെ ക്യാമ്പ് ശ്രീദേവി തന്നെ’ എന്നായിരുന്നു.
ശനിയാഴ്ച രാത്രി 11.30 ന് ദുബായില്‍വെച്ചായിരുന്നു ശ്രീദേവിയുടെ മരണം. ബോളിവുഡ് നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ദുബായിലെത്തിയപ്പോഴാണ് മരണം സംഭവിച്ചത്.
നാലാം വയസ്സില്‍ തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്ത് ചുവടുവെക്കുന്നത്. തുടര്‍ന്ന് ‘പൂമ്പാറ്റ’യിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ എന്ന് അറിയപ്പട്ട ശ്രീദേവി അഭിഭാഷകനായിരുന്ന അയ്യപ്പന്റെയും രാജേശ്വരിയുടേയും മകളാണ്. 1963 ഓഗസ്റ്റ് 13 ന് തമിഴ്‌നാട്ടിലെ ശിവകാശിയില്‍ ജനിച്ച ശ്രീദേവിയെ 2013 ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു.
1981 ല്‍ മൂന്നാംപിറയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു.
മൂണ്ട്രു മുടിച്ച്, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കള്‍, മൂന്നാം പിറ, മിസ്റ്റര്‍ ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. കുമാരസംഭവം, പൂമ്പാറ്റ, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍, സത്യവാന്‍ സാവിത്രി, ദേവരാഗം ഉള്‍പ്പെടെ 26 ഓളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. ഈ വര്‍ഷം പുറത്തിറങ്ങുന്ന സീറോ ആണ് അവസാനചിത്രം. ജാന്‍വി, ഖുഷി എന്നിവരാണ് മക്കള്‍