ഒരു മന്ത്രി സ്ഥാനത്ത് നിന്ന് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത വലിയ തെറ്റാണ് എന്‍.സി.പി നേതാവ് എ.കെ.ശശീന്ദ്രന്‍ ഫോണ്‍ ‘കെണി’ സംഭവത്തില്‍ ചെയ്തത്.
എന്തിന്റെ പേരിലായാലും ഒരു പെണ്ണ് വിചാരിച്ചാല്‍ ഒരു മന്ത്രിയെ ‘വളക്കാന്‍’ പറ്റുമെന്നത് അപകടകരമായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്.
അത് ഫോണ്‍ ‘കെണി’യായാലും മറ്റ് എന്ത് താല്‍പര്യത്തിന്റെ പുറത്തായാലും ജനങ്ങളെ ഭരിക്കുന്ന ഒരു ഭരണാധികാരിക്ക് ചേര്‍ന്ന പണിയല്ല.
ഇവിടെ കമ്യൂണിസ്റ്റുകാരായ ഒരു മന്ത്രിയുടെ പേരിലും ഇത്തരം ഒരു ആക്ഷേപം ഉയര്‍ന്നിട്ടില്ല.
ഇടതുപക്ഷ മുന്നണിയിലാണെങ്കിലും വലതുപക്ഷ ‘സ്വഭാവം’ കാണിക്കുന്ന ഈര്‍ക്കില്‍ പാര്‍ട്ടിയുടെ പ്രതിനിധിയില്‍ നിന്നാണ് സര്‍ക്കാറിനെയും ഇടതുമുന്നണിയേയും നാണം കെടുത്തുന്ന നടപടി ഉണ്ടായത്.
ഫോണ്‍ ‘കെണി’ യിലൂടെ ശശീന്ദ്രന്റേതായി പുറത്ത് വന്ന സംഭാഷണം ഇന്നുവരെ അദ്ദേഹം നിഷേധിച്ചിട്ടില്ല.
മുന്‍ മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ജുഡീഷ്യല്‍ കമ്മിഷന് ഈ സംഭാഷണം ശശീന്ദ്രന്റേതല്ലങ്കില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെടാമായിരുന്നു. അതും റിപ്പോര്‍ട്ടില്‍ ഉള്ളതായി അറിവില്ല.
സോളാറില്‍ ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച സര്‍ക്കാറിന് ശശീന്ദ്രന്റെ ശബ്ദം കൃത്രിമമായി ഉണ്ടാക്കിയതാണെങ്കില്‍ അത് ആര് ചെയ്തു എന്ന് കണ്ട് പിടിക്കാന്‍ ഒരു അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ബാധ്യതയുണ്ട്. കാരണം മന്ത്രിയുടെ ശബ്ദം കൃത്രിമമായി ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് അതീവ ഗുരുതരമായ കുറ്റമാണ്.
സംഭാഷണം പുറത്തായപ്പോള്‍ ശശീന്ദ്രന്‍ പെട്ടന്ന് ചാടി രാജിവച്ചതൊന്നുമല്ല, മുഖ്യമന്ത്രിയുടെ ചോദ്യത്തിന് ‘ശരിയായ’ മറുപടി പറഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് കൊണ്ട് തന്നെയാണ് രാജിവച്ചത്.
ഒരു ചാനല്‍ മന്ത്രിയുടെ പേരില്‍ തെറ്റായ സംഭാഷണം പുറത്തു വിട്ടാല്‍ ഉടനെ മന്ത്രിയോട് രാജി ആവശ്യപ്പെടുന്ന മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍, തെറ്റ് ചെയ്തിട്ടില്ലങ്കില്‍ ഏത് കൊമ്പത്തെ സമ്മര്‍ദ്ദമുണ്ടായാലും അദ്ദേഹം അതിന് വഴങ്ങില്ലെന്ന് കേരളീയ സമൂഹത്തിന് നന്നായി അറിയാം.
തോമസ് ചാണ്ടി പ്രശ്‌നത്തില്‍ പോലും ചാണ്ടിയുടെ തെറ്റ് ബോധ്യമായതിനാലല്ല, മറിച്ച് ഹൈക്കോടതി പരാമര്‍ശം വന്ന പശ്ചാത്തലത്തില്‍ കൂടിയാണ് രാജിവക്കുന്നതാണ് ഉചിതമെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചത്.
എന്നിട്ട് പോലും ചാടി തീരുമാനമെടുക്കാതെ മുന്നണി മര്യാദ അനുസരിച്ച് ആവശ്യത്തിലധികം സമയം എന്‍.സി.പി നേതൃത്വത്തിന് അനുവദിക്കുകയും ചെയ്തിരുന്നു.
കുറ്റബോധം ഉള്ളത് കൊണ്ടാണ് ശശീന്ദ്രന്‍ അന്ന് സംഭാഷണം പരസ്യമായി നിഷേധിക്കാതിരുന്നതെന്നാണ് പൊതു സമൂഹം വിശ്വസിക്കുന്നത്.
ഫോണ്‍ രേഖകള്‍ അടക്കം പരിശോധിക്കുകയും ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത ഒറിജിനല്‍ മൊബൈല്‍ ഫോണ്‍ വിദഗ്ദ പരിശോധനക്ക് അയക്കുകയും ചെയ്താല്‍ സത്യം പുറത്താകുമെന്ന് മനസ്സിലാക്കിയായിരിക്കണം ആ സാഹസത്തിന് ശശീന്ദ്രന്‍ മുതിരാതിരുന്നത്.
ചാനല്‍ പ്രവര്‍ത്തകര്‍ ചെയ്ത പ്രവര്‍ത്തിയെ ന്യായീകരിക്കുന്നില്ല, പക്ഷേ അങ്ങനെ ആരെങ്കിലും വല വീശിയാല്‍ നാട് ഭരിക്കുന്ന ഒരു മന്ത്രി അതില്‍ കുടുങ്ങാന്‍ പാടുണ്ടോ ?
ഭാര്യയും മക്കളും ഉള്ള വയോധികനായ ഒരാള്‍ക്ക് പറ്റിയ കയ്യബദ്ധമായി മാത്രം ചെറുതായി കാണാന്‍ സാധിക്കുന്ന ഒന്നല്ല ഇത്.
പൊതു സമൂഹവും മാധ്യമങ്ങളും ഈ വിഷയത്തില്‍ അന്ന് ശശീന്ദ്രനെ കടന്നാക്രമിക്കാതെ ശബ്ദം സംപ്രേക്ഷണം ചെയ്ത ചാനലിനെ ഒറ്റപ്പെടുത്തിയത് ഒരു ദൃശ്യ മാധ്യമം ചെയ്ത് കൂടാത്ത പ്രവര്‍ത്തി അവര്‍ ചെയ്തതിനാണ്.
മറ്റ് ചാനലുകളെ സംബന്ധിച്ച് പുതുമുഖ ചാനലിന്റെ തുടക്കം തന്നെ മന്ത്രിയെ തെറിപ്പിച്ചായതിനാല്‍ ഭാവിയില്‍ ഉയര്‍ത്തുന്ന വെല്ലുവിളി കൂടി മുന്‍കൂട്ടി കണ്ടായിരുന്നു പുതുമുഖ ചാനലിനെ ഒറ്റപ്പെടുത്തിയത്.
മാധ്യമ പ്രവര്‍ത്തിക്ക് നിരക്കാത്ത വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ പോലും ‘നല്ല പിള്ള’ചമഞ്ഞായിരുന്നു ഈ ചാനലിനെ ഒറ്റപ്പെടുത്താന്‍ മത്സരിച്ചത്.
അന്നത്തെ അനുകൂല സാഹചര്യം വീണ്ടും മാധ്യമ സമൂഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് ഇപ്പോള്‍ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തിരികെയെത്താന്‍ മാധ്യമങ്ങളുടെ പിന്തുണ തേടിയിരിക്കുന്നത്.
എന്‍.സി.പി നേതൃത്വം ശശീന്ദ്രന്റ തിരിച്ചുവരവിന് ഉടന്‍ കളമൊരുക്കാന്‍ ഇടതുപക്ഷ നേതാക്കള്‍ക്ക് കത്തും നല്‍കി കഴിഞ്ഞു.
ശശീന്ദ്രന് തിരിച്ചു വരാന്‍ മറ്റു തടസ്സങ്ങള്‍ ഇല്ല എന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് ശശീന്ദ്രന്‍ ഉടനെ മന്ത്രി സ്ഥാനത്ത് തിരിച്ചെത്തുമെന്നതാണ്.
ഇത് ജനവിരുദ്ധമായ നിലപാടാണ്. ഒരു ഇടതു പക്ഷ സര്‍ക്കാറില്‍ നിന്നും ഒരിക്കലും പൊതു സമൂഹം പ്രതീക്ഷിക്കാത്ത നിലപാടാണിത്.
എന്‍.സി.പി നേതാക്കളുടെ കയ്യിലിരിപ്പുകൊണ്ടാണ് അവരുടെ മന്ത്രിമാരായിരുന്ന രണ്ട് നേതാക്കള്‍ക്കും സ്ഥാനം തെറിച്ചത്.
സംസ്ഥാനത്ത് ഒരു ‘ബസ്സില്‍’ കയറ്റാന്‍ പോലും തികച്ച് ആളില്ലാത്ത എന്‍.സി.പിക്ക് വീണ്ടും മന്ത്രി സ്ഥാനം നല്‍കാന്‍ ഇനിയും സ്വയം നാറണമോയെന്ന് സി.പി.എം-സി.പി.ഐ നേതൃത്വങ്ങള്‍ ആലോചിക്കണം.
കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ സി.പി.എമ്മിനും അതിന്റെ മുഖ്യമന്ത്രിക്കും ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വമുണ്ട്.
ശത്രുവിന്റെ തീതുപ്പിയ തോക്കില്‍ നിന്നും വെടിയുണ്ട സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങിയ കേന്ദ്ര കമ്മറ്റി അംഗമായ നേതാവിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയ സി.പി.എം ആ നേതാവിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടുപോലും തിരിച്ച് പരിഗണിച്ചിട്ടില്ല.
ഒരു കമ്യൂണിസ്റ്റ്കാരന്‍ പുലര്‍ത്തേണ്ട ജാഗ്രത മന്ത്രി സ്ഥാനത്ത് ഇരുന്ന് ഇ.പി.ജയരാജന്‍ കാണിച്ചില്ല എന്ന സി.പി.എം കേന്ദ്ര കമ്മറ്റി വിമര്‍ശനം നിലനില്‍ക്കുന്നതിനാലാണ് ഒഴിവുള്ള മന്ത്രി സ്ഥാനം ഒഴിച്ചിടാതെ ഉടനെ തന്നെ എം.എം മണിയെ സി.പി.എം ക്വാട്ടയില്‍ മന്ത്രിയാക്കിയത്.
ഇ.പി.ജയരാജന് നല്‍കാത്ത പരിഗണനയാണിപ്പോള്‍ ദേശീയ തലത്തില്‍ ഒരേ സമയം കോണ്‍ഗ്രസ്സിനൊപ്പവും ബി.ജെ.പിക്ക് ഒപ്പവും നില്‍ക്കുന്ന എന്‍.സി.പിയുടെ നേതാവിന് സി.പി.എം ഇപ്പോള്‍ നല്‍കാന്‍ ശ്രമിക്കുന്നത്.
ഈ നീക്കങ്ങള്‍ സ്വന്തം കുടുംബത്തേക്കാള്‍ ചെങ്കൊടിയെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് സി.പി.എം അണികളോട് ചെയ്യുന്ന വഞ്ചനയാണ്.
പാര്‍ട്ടി എടുക്കുന്ന നിലപാടുകള്‍ തെറ്റായാലും ശരിയായാലും അതിന്റെ കൂടെ മാത്രം നില്‍ക്കുന്ന അണികളുടെ കൂറിനെ നേതൃത്വം ദയവ് ചെയ്ത് ചൂഷണം ചെയ്യരുത്.
സോളാറില്‍ കടന്നാക്രമിച്ച സഖാക്കള്‍ക്ക് നേരെ തിരിച്ച് കൂരമ്പുകള്‍ തൊടുക്കാന്‍ റെഡിയായി നില്‍ക്കുന്ന യു.ഡി.എഫിന് ‘ആയുധം’ കയ്യില്‍ വച്ച് കൊടുക്കുവാന്‍ തന്നെയാണ് ഇനിയും തീരുമാനമെങ്കില്‍ അത് തറക്കുന്നത് ഇടതു സര്‍ക്കാറിനെ അധികാരത്തിലെത്തിക്കാന്‍ പ്രവര്‍ത്തിച്ചവരുടെ ചങ്കിലായിരിക്കും എന്ന് സി.പി.എം നേതൃത്വവും മുഖ്യമന്ത്രിയും ഓര്‍ക്കുന്നത് നല്ലതാണ്.
എല്ലാ വശങ്ങളും തലനാരിഴ പരിശോധിച്ച് തീരുമാനമെടുക്കുന്ന കമ്യൂണിസ്റ്റ് നേതൃത്വത്തില്‍ നിന്നും ശരിയായ തീരുമാനം ഈ ‘വൈകിയ’ അവസരത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല . . പക്ഷേ ആഗ്രഹിക്കുന്നു.
Team Express Kerala