തെരഞ്ഞെടുപ്പ് കാലം പ്രത്യയ ശാസ്ത്ര വ്യതിചലനങ്ങളും തന്ത്രപരമായ നീക്കങ്ങളും വെട്ടിനിരത്തലും കൊണ്ട് വളരെ സമ്പുഷ്ടമാണ്. കോണ്‍ഗ്രസിനെ ഉന്‍മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും എന്ത് വിലകൊടുത്തും തിരിച്ചടി നല്‍കാനാണ് രാഹുല്‍ ഗാന്ധി കിണഞ്ഞ് പരിശ്രമിക്കുന്നത്. അതിനുള്ള കുറുക്കുവഴിയായി ഹിന്ദുത്വ മേലാപ്പ് സ്വയം എടുത്തണിഞ്ഞിരിക്കുകയാണ് അദ്ദേഹം.
ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ മതപരമായ വിശ്വാസങ്ങളും ചാപ്പകളും വലിയ സ്വാധീനം ഉണ്ടാക്കുന്നവയാണ്. പൊതു സമൂഹത്തില്‍ ഇവ വിലയിരുത്തപ്പെടും എന്നതാണ് കാരണം. സ്വകാര്യ ജീവിതത്തില്‍ മാത്രമല്ല, രാഷ്ട്രീയ ജീവിതത്തെയും പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും ഇത് വലിയ ഘടകമാണ്.
ക്ഷേത്ര ദര്‍ശനങ്ങളും ആള്‍ ദൈവങ്ങളെ നിരന്തരമായി സന്ദര്‍ശിക്കുന്നതും രാഹുല്‍ ഗാന്ധിയും പാര്‍ട്ടിയും വ്യക്തമായ ലക്ഷ്യങ്ങളോടെ ചെയ്യുന്നതാണ്. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമായി ഉയര്‍ന്നു വന്ന ഭക്തി വളരെ കൃത്യമാണ്. ഗുജറാത്ത്, കര്‍ണ്ണാടക തെരഞ്ഞെടുപ്പ് സമയങ്ങളില്‍ പയറ്റി ഉറപ്പു വരുത്തിയതിന് ശേഷമാണ് ഈ ഭക്ത ഇമേജ് രാഹുല്‍ വീണ്ടും ആവര്‍ത്തിക്കുന്നത്. രാഹുലിന്റെ ക്ഷേത്ര പ്രവേശനം എന്നാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ജനാധിപത്യ വിശ്വാസത്തില്‍ ഇത് എത്രത്തോളം ഭൂഷണമാണ് എന്നാണ് ചിന്തിക്കേണ്ടത്.
ആത്മീയതയ്ക്ക് ക്ഷേത്രങ്ങളില്‍ നിര്‍ബന്ധമായും പോകണം എന്നില്ല എന്നാണ് മഹാത്മാഗാന്ധി അടക്കം കാട്ടിത്തന്നിരുന്നത്. ആത്മാന്വേഷണത്തില്‍ അദ്ദേഹത്തെ വെല്ലാന്‍ ഇന്നോളം ഒരു നേതാവില്ല, എന്നിരുന്നാലും സ്ഥിരമായി ക്ഷേത്രത്തില്‍ പോകുന്ന പതിവ് രാഷ്ട്ര പിതാവിന് ഉണ്ടായിരുന്നില്ല. എന്നാല്‍, ഗാന്ധിയന്‍ മാര്‍ഗ്ഗങ്ങള്‍ പിന്തുടരുന്ന രാഹുല്‍ ഒരു പ്രത്യേക മതത്തിന്റെ മാത്രം ആചാരങ്ങളെ ഇത്ര കാര്യമായി പിന്തുടരുന്നതിനെയാണ് ചിലരെങ്കിലും സംശയ ദൃഷ്ടിയോടെ കാണുന്നത്.
ഇന്ദിരാഗാന്ധി പോലും അവസാന നാളുകളില്‍ വിവിധ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അതൊരിക്കലും പ്രത്യേക വിഭാഗത്തിന്റെ മാത്രമായിരുന്നില്ല എന്നതാണ് വ്യത്യാസം. ഒരു പ്രത്യേക മതത്തിന് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയാണ് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടെ തലപ്പത്തിരുന്ന ഇന്ദിരാഗാന്ധി അത്തരത്തില്‍ പ്രവര്‍ത്തച്ചത്. എന്നാല്‍, രാഹുലിന്റെ സന്ദര്‍ശനങ്ങള്‍ ഹിന്ദുത്വ പ്രീണനം ലക്ഷ്യം വച്ചുള്ളതാണെന്ന് വളരെ വ്യക്തമാണ്.
രാമക്ഷക്ഷേത്രം വിഷയം സംഘപരിവാര്‍ വലിയ ആയുധമാക്കുമ്പോള്‍, അതേ പാത പിന്തുടരുന്നത് ശരിയാണോ എന്ന സംശയമാണ് പാര്‍ട്ടിക്കകത്ത് തന്നെ പലര്‍ക്കുമുള്ളത്. ന്യൂന പക്ഷ വിഭാഗത്തെ തീരെ ശ്രദ്ധിക്കാതെ പോകുന്നത് പാര്‍ട്ടിയെ ബാധിക്കുമോ എന്ന ആശങ്കയാണ് േേകാണ്‍ഗ്രസിനകത്ത് തലവേദനയാകുന്നത്. ഏത് തരത്തിലുള്ള ഹിന്ദുവാണ് രാഹുല്‍ എന്ന കാര്യം ഉറപ്പിച്ച് പറയാതെ ഒഴിഞ്ഞു മാറുകയാണ് അദ്ദേഹം. രാമക്ഷേത്രത്തില്‍ പോലും വ്യക്തമായ മറുപടി തരുന്നില്ല എന്നതാണ് സത്യം.
ഉറച്ച ഹിന്ദു പദവി ആരും രാഹുലിന് ചാര്‍ത്തിക്കൊടുത്തിട്ടില്ല. എന്നാല്‍ അങ്ങനെയാണെന്ന് സ്ഥാപിക്കാനുള്ള തിടുക്കമാണ് ഇതുവരെ കാണാത്ത ഈ ക്ഷേത്ര സന്ദര്‍ശനങ്ങളിലൂടെ പുറത്തു വരുന്ന സന്ദേശം. അതായത്, ഹിന്ദു ഐഡന്റിറ്റിയെ രാഷ്ട്രീയമയി ഉപയോഗപ്പെടുത്തുകയാണ് അദ്ദേഹം.
ഭൂരിപക്ഷത്തിന്റെ വാദങ്ങളും ആഗ്രഹങ്ങളുമാണ് തെരഞ്ഞെടുപ്പ് കടമ്പ കടക്കുന്നതിന് പിന്തുടരേണ്ടത് എന്നുള്ളത് കൊണ്ട് അതിന്റെ ചുവടുപിടിക്കാതെ തരമില്ല എന്നതാണ് ജനാധിപത്യത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ മൃദുഹിന്ദുത്വ സമീപനമാണ് ഏറ്റവും നല്ലതെന്ന് കോണ്‍ഗ്രസിന് നന്നായറിയാം എന്ന് മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും.
റിപ്പോര്‍ട്ട്: എ.ടി അശ്വതി