പാര്‍വതിക്ക് മാത്രമായി ഒരു നിയമവുമില്ല . . . നിയമം എല്ലാവര്‍ക്കും ഒരുപോലെ ആവണം

പാര്‍വതി നല്‍കിയ കേസില്‍ പൊലീസ് കാണിക്കുന്ന അമിത താല്‍പ്പര്യം എന്തായാലും നല്ല ഉദ്ദേശമായി കാണാന്‍ സാധിക്കില്ല.

പാവപ്പെട്ട നിരവധി സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ ‘കൊത്തി പറിച്ച’വര്‍ക്കെതിരെ എത്രയോ പരാതികള്‍ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ ദിവസവും വരുന്നുണ്ട്.

അവരില്‍ പലരെയും ഫെയ്‌സ് ബുക്കില്‍ നിന്നും വിശദാംശം കിട്ടിയിട്ടില്ലന്നും നോക്കാമെന്നുമൊക്കെ ന്യായം പറഞ്ഞ് വിടുന്ന പൊലീസ് പാര്‍വതിയുടെ പരാതിയില്‍ ചാടിക്കയറി ഈ ‘മാനദണ്ഡങ്ങളെല്ലാം’ തെറ്റിച്ച് അറസ്റ്റ് നടപടിയിലേക്ക് കടക്കുന്നത് എന്തിനാണ് ? ആരെ പ്രീതിപ്പെടുത്താന്‍ ?

ഏത് വ്യക്തി നല്‍കിയാലും അതില്‍ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിക്കേണ്ട ബാധ്യത പൊലീസിനുണ്ട്.

ഇവിടെ ഫെയ്‌സ് ബുക്കില്‍ നിന്നും റിപ്പോര്‍ട്ട് കിട്ടുന്നതിനു മുന്‍പാണ് പൊലീസ് നടപടിയിലേക്ക് കടന്നിരിക്കുന്നത്.

പാര്‍വതിക്ക് നേരെ വ്യക്തിഹത്യ നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. അക്കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ അത് പോലെ ഇതിനേക്കാള്‍ ക്രൂരമായി അപമാനിക്കപ്പെടുന്ന മറ്റ് സ്ത്രീകളുടെ കാര്യത്തിലും വേണം നടപടി.

ഇപ്പോള്‍ പാര്‍വതി നല്‍കിയ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രിന്റോ തനിക്ക് കിട്ടിയ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചതായാണ് പൊലീസ് കണ്ടെത്തിയ കുറ്റം.

ഫെയ്‌സ് ബുക്ക് വഴിയും വാട്‌സ് ആപ്പ് വഴിയും മന: പൂര്‍വ്വം അപമാനിക്കണമെന്ന ഉദ്യേശത്തോടെ പോസ്റ്റുകള്‍ തയ്യാറാക്കിയവരെ അല്ലായിരുന്നുവോ ആദ്യം പിടിക്കേണ്ടിയിരുന്നത് ?

ഇവിടെ കണ്ണീരോടെ വിലപിച്ച് എത്രയോ സ്ത്രീകള്‍ സൈബര്‍ ആക്രമണത്തിനെതിരെ പരസ്യമായി സോഷ്യല്‍ മീഡിയയിലുടെ നേരിട്ട് തന്നെ രംഗത്ത് വന്നിട്ടുണ്ട്. അന്നൊന്നും പൊലീസിന്റെ ഈ ‘ജാഗ്രത’ കേരളം കണ്ടിട്ടില്ല.

സ്ത്രീത്വത്തെ അപമാനിച്ചതിന് പൊലീസിന് ഇത്തരം സംഭവങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും സ്വമേധയാ കേസെടുക്കാമായിരുന്നല്ലോ ? എന്തേ ഏമാന്‍മാര്‍ അതു ചെയ്തില്ല ?

പാര്‍വതി ഒരു നടി ആയതിനാല്‍ കിട്ടുന്ന പബ്ലിസിറ്റി ആഗ്രഹിച്ചാണോ ഇപ്പോഴത്തെ മിന്നല്‍ നടപടി ?

പാര്‍വതിയെ എന്നല്ല ഒരു സ്ത്രീയെയും ആരും അപമാനിച്ചു കൂടാ. അക്കാര്യത്തില്‍ മറിച്ചൊരു അഭിപ്രായവും ഞങ്ങള്‍ക്കും ഇല്ല.

എന്നാല്‍ സ്ത്രീകളെ വിമര്‍ശിക്കാനേ പാടില്ല എന്നൊക്കെ ആരെങ്കിലും പറഞ്ഞാല്‍ അത് വകവെച്ച് കൊടുക്കാന്‍ കഴിയുകയുമില്ല.

കസബ സിനിമയില്‍ മഹാനടന്‍ അഭിനയിച്ച കഥാപാത്രം സ്ത്രീ വിരുദ്ധമാണെന്ന് പാര്‍വതി പറഞ്ഞാല്‍ അത് സ്വാഭാവികമായും എല്ലാവരും അംഗീകരിക്കുകയില്ല.

സിനിമയെ സ്ത്രീപക്ഷമെന്നോ പുരുഷപക്ഷമെന്നോ നോക്കിയിട്ടല്ല ആളുകള്‍ സിനിമ കാണാന്‍ പോകുന്നത്.

സിനിമയെ സിനിമയായി കാണാന്‍ സിനിമാ നടി ആയ പാര്‍വതിക്ക് പോലും കഴിയാത്തത് വിമര്‍ശിക്കപ്പെടുക സ്വാഭാവികമാണ്.

പക്ഷേ വിമര്‍ശനത്തില്‍ മാന്യത പുലര്‍ത്താന്‍ വിമര്‍ശകരും തയ്യാറാകേണ്ടതായിരുന്നു. ചിലരെങ്കിലും ഇക്കാര്യത്തില്‍ അമിത താരാരാധന കാട്ടി എടുത്ത് ചാടിയത് ശരിയായില്ല.

കസബയിലെ മഹാനടന്‍ എന്ന് പാര്‍വതി പറഞ്ഞാല്‍ അത് മമ്മുട്ടി തന്നെയാണ് അതിന് പ്രത്യേകിച്ച് പേര് പറയേണ്ട കാര്യമൊന്നുമില്ല.

സ്ത്രീ വിരുദ്ധ സിനിമകള്‍ തിരഞ്ഞെടുത്ത് അഭിനയിക്കുന്ന നടനല്ല മമ്മുട്ടി.

തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ ഏതായാലും അത് ഭംഗിയായി അവതരിപ്പിക്കുന്ന താരമാണ് അദ്ദേഹം.
26135228_2050782611820251_64550490_n
മൃഗയ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ വാറുണ്ണി എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ കേരളം മാത്രമല്ല, രാജ്യം തന്നെ അംഗീകരിച്ചതാണ്.

നിരവധി പുരസ്‌കാരങ്ങള്‍ മൃഗയ എന്ന സിനിമയിലെ അഭിനയത്തിന് മമ്മുട്ടിക്ക് ലഭിച്ചിട്ടുണ്ട്.

പാര്‍വതിയുടെ കണ്ണിലൂടെ നോക്കുകയാണെങ്കില്‍ കസബ മാത്രമല്ല മൃഗയയും കടുത്ത സ്ത്രീ വിരുദ്ധ സിനിമയാകുമല്ലോ . .

ഇത്തരം നിലപാടുകളെല്ലാം പ്രബുദ്ധരായ കേരള ജനത പുച്ഛിച്ച് തള്ളുമെന്നത് ഓര്‍ക്കുന്നത് നല്ലതാണ്.

സിനിമ പൊതുസമൂഹത്തെ അപ്പാടെ സ്വാധീനിക്കുമെങ്കില്‍ ഇപ്പോള്‍ കസബ വിവാദത്തില്‍ പാര്‍വതിയെ പിന്തുണച്ച ആഷിഖ് അബുവിന്റെ ഇടുക്കി ഗോള്‍ഡും ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ ?

കഞ്ചാവ് വലിക്കാന്‍ പോത്സാഹിപ്പിച്ചതിന് സംവിധായകനും നിര്‍മാതാവിനും അതില്‍ അഭിനയിച്ചവര്‍ക്കുമെല്ലാം എതിരെ കേസെടുക്കാത്തതും വിവാദമാകേണ്ടതല്ലേ ?

പൊലീസിന്റെ കണക്കില്‍ കൊച്ചി സിറ്റിയില്‍ പോലും കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ പെണ്‍കുട്ടികള്‍ അടക്കം ഉണ്ടെന്നാണ് കണക്ക്.

ഇടുക്കി ഗോള്‍ഡ് കണ്ടിട്ടാണ് അവരെല്ലാം കഞ്ചാവ് വലിക്കുന്നതെന്ന് പൊലീസ് വിശ്വസിക്കുന്നുണ്ടോ ?

സിനിമയെ സിനിമയായി കാണുന്നത് കൊണ്ട് മാത്രമാണ് ഇതിനെതിരെയൊന്നും ആരും പരാതിപ്പെടാത്തതും കാര്യമായി എടുക്കാത്തതും.

ഒരു സിനിമ കൊണ്ടൊന്നും ആരുടെയും മനോഭാവം മാറുന്നില്ല. അവനവന്റെ ജീവിത സാഹചര്യങ്ങളാണ് പിന്നീട് അവരെ പലതുമാക്കി മാറ്റുന്നത്.
parvathyyy
കസബയുടെ പേര് പറയാന്‍ പാര്‍വതിയെ നിര്‍ബന്ധിച്ച ഗീതു മോഹന്‍ദാസ് അഭിനയിച്ച ‘ചൂണ്ട’ സ്ത്രീപക്ഷ സിനിമയായി പാര്‍വതി കരുതുന്നുണ്ടോ ?

പാര്‍വതി അടുത്തയിടെ അഭിനയിച്ച സിനിമകളിലെ പല കഥാപാത്രങ്ങളും ഇതേ രൂപത്തില്‍ വിലയിരുത്തുകയാണെങ്കില്‍ സ്ത്രീവിരുദ്ധ സിനിമയാണെന്ന് വിമര്‍ശകര്‍ പറഞ്ഞാല്‍ അവരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല.

ഒരു വിമര്‍ശനം ഉന്നയിക്കുമ്പോള്‍ എല്ലാ വശങ്ങളും പരിശോധിക്കണം.

പാര്‍വതിയുടെ കസബ വിമര്‍ശനത്തെ തുടര്‍ന്ന് മമ്മുട്ടിയെ സ്ത്രീവിരുദ്ധനാക്കി നിരവധി പോസ്റ്റുകളും കമന്റുകളും സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചിട്ടുണ്ട്.

അപ്പോള്‍ മമ്മുട്ടിക്കും വിഷമം ഉണ്ടായിക്കാണില്ലേ ? ഇന്നുവരെ കേള്‍ക്കാത്ത ആരോപണമാണ് കസബയിലൂടെ അദ്ദേഹം കേട്ടത്.

പിന്നെ അദ്ദേഹത്തിന്റെ ആരാധകരുടെ കാര്യം പറയേണ്ടതില്ലല്ലോ ?

ഇനി മമ്മുട്ടിയെ സ്‌നേഹിക്കുന്നവരോട് . .

അഭിപ്രായം രേഖപ്പെടുത്താനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. അത് ഭരണഘടന ഓരോ വ്യക്തിക്കും ഉറപ്പു നല്‍കുന്ന മൗലികാവകാശമാണ്.

പാര്‍വതിയുടെ എന്നല്ല ആരുടെയും നിലപാടുകളെയും വിമര്‍ശിക്കാം. ഒരു പൊലീസിനെയും പേടിക്കേണ്ട കാര്യമില്ല. പക്ഷേ മാന്യതയുടെ അതിര്‍വരമ്പ് മാത്രം കൈവിടരുത്.

Team Express Kerala

Top