പിഴ ഒടുക്കുന്നതിന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് വിജിലന്‍സ് പിടിയില്‍

മലപ്പുറം : പിഴ ഒടുക്കുന്നതിന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് വിജിലന്‍സിന്റെ പിടിയില്‍. മലപ്പുറം പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് സുഭാഷ് കുമാറിനെയാണ് 5,000 രൂപ വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി സ്വദേശിയായ പ്രവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പരാതിക്കാരന്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് വാങ്ങാതെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടിന് പഞ്ചായത്ത് അധികൃതര്‍ 52,000 രൂപ പിഴ വിധിച്ചിരുന്നു. അവധിക്ക് ശേഷം തിരികെ പോകേണ്ടതിനാല്‍ പരാതിക്കാന്‍ പിഴ ഒടുക്കുന്നതിന് ഹെഡ് ക്ലര്‍ക്കിനെ കണ്ടപ്പോള്‍ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതോടെ പരാതിക്കാരന്‍ ഈ വിവരം മലപ്പുറം വിജിലന്‍സ് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഫിറോസ്. എം. ഷഫീഖിനെ അറിയിച്ചു. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ പഞ്ചായത്ത് ഓഫീസില്‍ വച്ച്, പരാതിക്കാരനില്‍ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവെ സുഭാഷ് കുമാറിനെ കയ്യോടെ പിടികൂടുകയായിരുന്നു എന്ന് വിജിലന്‍സ് സംഘം അറിയിച്ചു.

വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ ഗിരീഷ് കുമാര്‍, സ്റ്റെപ്‌റ്റോ ജോണ്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീനിവാസന്‍, മോഹന കൃഷ്ണന്‍, ഷിഹാബ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ഹനീഫ, സലിം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിജയകുമാര്‍, രാജീവ്, ജിറ്റ്‌സ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുബിന്‍, അഭിജിത് എന്നിവരും ഉണ്ടായിരുന്നു. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അറിയിക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടു. ടോള്‍ ഫ്രീ നമ്പര്‍: 1064, അല്ലെങ്കില്‍ 8592 900 900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447 789 100 എന്ന നമ്പരിലോ അറിയിക്കാമെന്ന് വിജിലന്‍സ് അറിയിച്ചു.

Top