Vigilance Court directive in Jayasurya’s land encroachment

തൃശൂര്‍: കോടതി അലക്ഷ്യത്തിന് കേസെടുക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിക്ക് വിജിലന്‍സ് കോടതിയുടെ നോട്ടീസ്.

നടന്‍ ജയസൂര്യയുടെ കായല്‍ കൈയേറ്റത്തിനെതിരെ കോര്‍പ്പറേഷന്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണിത്. 12ന് രേഖകളും, മറുപടിയുമായി സെക്രട്ടറിയോട് നേരിട്ട് ഹാജരാകണമെന്നും വിജിലന്‍സ് ജഡ്ജി എസ്.എസ്. വാസന്‍ ഉത്തരവിട്ടു.

കൊച്ചുകടവന്ത്ര ഭാഗത്ത് നടന്‍ ജയസൂര്യ സ്വകാര്യ ബോട്ടുജെട്ടിയും ചുറ്റുമതിലും 3000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള വീടും നിര്‍മ്മിച്ചത് ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കൈയേറിയാണെന്നും തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടവും ലംഘിച്ചാണെന്നും കാണിച്ച് പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു നേരത്തെ കൊച്ചി കോര്‍പ്പറേഷന് പരാതി നല്‍കിയിരുന്നു.

പരിശോധനയില്‍ കൈയേറ്റം നടന്നുവെന്ന ബില്‍ഡിംഗ് ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ 14 ദിവസത്തിനകം നിര്‍മ്മാണം സ്വന്തം ചെലവില്‍ പൊളിച്ച് മാറ്റണമെന്ന് 2014 ഫെബ്രുവരി 28 ന് നഗരസഭ ഉത്തരവിട്ടു.എന്നിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് പരാതിക്കാരന്‍ നഗരസഭയെ വീണ്ടും സമീപിച്ചു. കായല്‍ അളന്ന് തിട്ടപ്പെടുത്തുന്നതിന് ആ വര്‍ഷം ജൂണ്‍ 30ന് കണയന്നൂര്‍ താലൂക്ക് സര്‍വെയറെ ചുമതലപ്പെടുത്തി.

എന്നിട്ടും ബോട്ടുജെട്ടിയും ചുറ്റുമതിലും ജയസൂര്യ പൊളിച്ച് മാറ്റിയില്ല. ഇതേ തുടര്‍ന്നാണ് ഗിരീഷ് ബാബു തൃശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്. കൊച്ചിന്‍ കോര്‍പറേഷന്‍ മുന്‍ സെക്രട്ടറി വി.ആര്‍. രാജു, മുന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്‍.എം. ജോര്‍ജ്, നിലവിലെ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ. നിസാര്‍, കണയന്നൂര്‍ താലൂക്ക് ഹെഡ് സര്‍വെയര്‍ രാജീവ് ജോസഫ്, നടന്‍ ജയസൂര്യ എന്നിവരെ എതിര്‍കക്ഷികളാക്കി കഴിഞ്ഞ ഡിസംബര്‍ 19ന് ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളെ കുറിച്ച് ഇന്നലെ റിപ്പോര്‍ട്ട് ഹാജരാക്കാനായിരുന്നു വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശം.

Top