തിരുവനന്തപുരം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയ കേസില്‍ മുന്‍ ഡി.ജി.പി സെന്‍കുമാറിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് കോടതി. ലേഖകന്‍ ഹാജരാക്കിയ മൊബൈല്‍ ഫോണിലും ലാപ്‌ടോപ്പിലും സെന്‍കുമാറിന്റെ വിവാദമായ ശബ്ദ രേഖയില്ലെന്നും, ലേഖകന്‍ ഹാജരാക്കിയ സിഡിയില്‍ എഡിറ്റിംഗ് നടന്നതായും ഫോറന്‍സിക് വിഭാഗം കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ഹര്‍ജി കോടതി തള്ളിയത്.
ലേഖനത്തില്‍ പ്രസിദ്ധീകരിച്ച കാര്യങ്ങള്‍ താന്‍ പറയാത്തതാണെന്ന് സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സെന്‍കുമാര്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാരമര്‍ശം നടത്തിയതിന് തെളിവുണ്ടെന്നായിരുന്നു ലേഖകന്റെ മൊഴി. ഇത് കണക്കിലെടുത്താണ് തെളിവുകള്‍ ഹാജരാക്കാന്‍ ലേഖകനോട് കോടതി ആവശ്യപ്പെട്ടത്.
ഒരു വാരിക പ്രസിദ്ധീകരിച്ച അഭിമുഖത്തിലായിരുന്നു സെന്‍കുമാര്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയത്. വിവാദ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ചിന്റെ കീഴിലെ സൈബര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പില്‍ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.