ബാര്‍ കോഴക്കേസിലെ പ്രോസിക്യൂട്ടര്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ പ്രോസിക്യൂട്ടര്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ രംഗത്ത്. കേസ് അട്ടിമറിച്ചെന്ന കെ.പി സതീശന്റെ ആരോപണം കോടതിയലക്ഷ്യമാണെന്ന് എന്‍.സി അസ്താന പറഞ്ഞു. കേസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഹൈക്കോടതി വിലക്കിയതാണെന്നും ആഭ്യന്തര സെക്രട്ടറിക്ക് എന്‍.സി അസ്താന കത്ത് നല്‍കി. കേസിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് കെ.പി സതീശന്‍.

ബാര്‍ കോഴകേസില്‍ കെ. എം മാണിയെ കുറ്റവിമുക്തനാക്കിയ നടപടി ഒത്തുകളിയാണെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെപി സതീശന്‍ പറഞ്ഞിരുന്നു. കെ.എം.മാണിയെ രക്ഷിക്കാന്‍ ഗൂഡാലോചന നടന്നു. അന്വേഷണം തുടരാനായിരുന്നു തന്റെ നിയമോപദേശമെന്നും കഴിഞ്ഞ ചൊവ്വാഴ്ചയും ഉദ്യോഗസ്ഥര്‍ വന്ന് കണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മാണിക്കെതിരെ തെളിവുണ്ടെന്നായിരുന്നു വിലയിരുത്തല്‍. കേസ് അവസാനിപ്പിച്ചത് താനറിഞ്ഞില്ല. എല്ലാം അപ്രതീക്ഷിതമാണ്. മാണിയെ രക്ഷിക്കാനുള്ള ഗൂഡാലോചനയില്‍ ചില ഉന്നതര്‍ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നു. കേസുമായി മുന്നോട്ട് പോകാനുള്ള തെളിവുകള്‍ ഇപ്പോള്‍ തന്നെ വിജിലന്‍സിന്റെ കയ്യിലുണ്ട്. കഴിഞ്ഞ ആഴ്ച തന്നെ വന്ന് കണ്ടപ്പോള്‍ കൂടുതല്‍ അന്വേഷണം നല്‍കാന്‍ ഉദ്യോഗസ്ഥന് ഉപദേശം നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കെ.എം മാണിയെ രക്ഷിച്ചെടുക്കാന്‍ തുടക്കം മുതല്‍ ശ്രമം നടന്നിരുന്നു. സുകേശന്റെ രണ്ട് മുന്‍ റിപ്പോര്‍ട്ടുകള്‍ ഇതിന് തെളിവാണ്. രണ്ട് റിപ്പോര്‍ട്ടുകളുടെയും ഭാഷ രണ്ടാണ്. ഉന്നത ഇടപെടലെന്ന് കരുതുന്നെന്നും അഡ്വ കെ .പി സതീശന്‍ പറഞ്ഞു.

Top