തിരുവനന്തപുരം: ഉന്നത സ്വാധീനം ചെലുത്തി വിജിലന്‍സ് അന്വേഷണങ്ങള്‍ അട്ടിമറിച്ച് കുറ്റവിമുക്തരായവരും അതിന് വഴിയൊരുക്കിയ ഉദ്യോഗസ്ഥരും കുരുങ്ങും.
മുന്‍ വിജിലന്‍സ് ഡയറക്ടര്‍മാരുടെ കാലത്തെ അന്വേഷണ പിഴവുകള്‍ പരിശോധിക്കാന്‍ ജേക്കബ് തോമസ് ഉത്തരവിട്ടതാണ് അസാധാരണമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.
പിഴവ് പറ്റിയ കേസുകള്‍ ഏതൊക്കെയാണെന്ന് കണ്ടെത്താനും വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
ക്രമസമാധാന ചുമതലയില്‍ അടുത്തയിടെ നിയമിതനായ ഐപിഎസ് ഉന്നതന്‍ മുതല്‍ മുന്‍ മന്ത്രിമാര്‍ വരെയുള്ള ചെറുതും വലുതുമായ നിരവധി ‘പരല്‍ മീനുകളാണ്’ അന്വേഷണ ഉദ്യാഗസ്ഥരേയും വിജിലന്‍സ് ഡയറക്ടര്‍മാരെയും സ്വാധീനിച്ച് നിയമനടപടിയില്‍ നിന്നും തലയൂരിയിട്ടുള്ളത്. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഇവരുടെയെല്ലാം നില പരുങ്ങലിലായിരിക്കുകയാണ്.
വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍ക്കുവേണ്ടി ഒരാളും ഇടപെടില്ലെന്നും അഥവാ ഇടപെട്ടാല്‍ വിജിലന്‍സ് ഡയറക്ടര്‍ തന്നെ കൈകാര്യം ചെയ്തുകൊള്ളുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
ജേക്കബ് തോമസാവട്ടെ ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കട്ടെയെന്ന നിലപാടിലുമാണ്. ഇപ്പോള്‍ നിലവിലുള്ള വിജിലന്‍സ് സംവിധാനത്തില്‍ നിരവധി പോരായ്മകളുള്ളതിനാല്‍ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ ഒരു പടയെതന്നെ ഉടന്‍ വിജിലന്‍സില്‍ നിയമിക്കുമെന്നാണ് സൂചന.
വിജിലന്‍സ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകുകയും കുറ്റപത്രം നല്‍കാന്‍ വൈകുകയും ചെയ്യുന്ന പഴയ ഏര്‍പ്പാടിനി നടക്കില്ല. പ്രഥമാ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് തോന്നുന്ന പരാതികളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശം.
ജേക്കബ് തോമസിന്റെ പുതിയ നീക്കം മുന്‍ മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.