vigilance director send letter for seeking action against former cabinet ministers

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ 19 മന്ത്രിമാര്‍ക്ക് എതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റോക്ക് കത്തയച്ചു.

മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതു ഭരണ വകുപ്പിന് കോടികളുടെ നഷ്ടമുണ്ടായതായി കാണിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ നടപടി സ്വീകരിച്ചത്.

മുന്‍ മന്ത്രിമാര്‍ രണ്ടുകോടിയോളം രൂപ സ്വകാര്യ ഫോണ്‍ ചാര്‍ജ് ചെയ്ത ഇനത്തില്‍ പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ജേക്കബ് തോമസ് കത്തയച്ചത്.

പായച്ചിറ നവാസ് എന്നയാള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയശേഷമാണ് വിജിലന്‍സ് നടപടിയ്ക്ക് ശുപാര്‍ശ ചെയ്തുകൊണ്ട് ആഭ്യന്തര സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയത്.

മന്ത്രി ജയലക്ഷ്മി ഒഴികെ മറ്റെല്ലാ മുന്‍മന്ത്രിമാരും നടപടിയ്ക്ക് ശുപാര്‍ശ ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറ്റവും കൂടുതല്‍ തുക ചിലവാക്കി. 12 ലക്ഷത്തി അന്‍പതിനായിരത്തിലേറെ രൂപയാണ് ചെലവഴിച്ചത്. പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്ന എം കെ മുനീര്‍ 12, 11244 രൂപ ചെലവഴിച്ചു.

പി കെ കുഞ്ഞാലിക്കുട്ടി എട്ടുലക്ഷം രൂപ സ്വകാര്യ ടെലഫോണ്‍ ഉപയോഗത്തിനായി ചെലവഴിച്ചു. ഏറ്റവും കുറവ് രൂപയായ മൂന്നുലക്ഷം രൂപ വിനിയോഗിച്ചത്‌ കെ ബാബുവാണ്.

തുടര്‍നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ കത്ത് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ പരിഗണനയിലാണ്.

Top