തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

Thomas chandy

കോട്ടയം: ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള വലിയകുളംസീറോ ജെട്ടി റോഡ് നിര്‍മാണത്തിന് കായല്‍ കൈയേറിയെന്ന പരാതിയില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോട്ടയം വിജിലന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

തണ്ണീര്‍ത്തട നിയമലംഘനം, ഗൂഢാലോചന, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തോമസ് ചാണ്ടി, ആലപ്പുഴ മുന്‍ ജില്ലാ കളക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടത്തുന്നത്.

ആരോപണവുമായി ബന്ധപ്പെട്ട് ജനുവരി നാലിന് വിജിലന്‍സ് കോടതിയില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തോമസ് ചാണ്ടിക്കെതിരെ കേസെടുക്കുന്നതിനുള്ള പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്താനും ജനുവരി 18ന് അകം അന്വേഷണ പുരോഗതി അറിയിക്കാനും കോടതി ആവശ്യപ്പട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് കോടതിയില്‍ വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്.

നെല്‍വയല്‍ സംരക്ഷണ നിയമം ലംഘിച്ചു, പൊതു ഖജനാവിന് നഷ്ടമുണ്ടാക്കുന്ന രീതിയില്‍ എംപി ഫണ്ട് ലഭിക്കുന്നതിനായി ഇടപെട്ടു, നൂറു മീറ്ററോളം നിലം നികത്തി തുടങ്ങിയവയാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇക്കാര്യങ്ങളാണ് ഇപ്പോള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നത്.

Top