പാലാരിവട്ടം പാലത്തിന്‍റെ നിര്‍മാണ കാലത്ത് ലീഗ് മുഖപ്പത്രത്തിന്‍റെ അക്കൗണ്ടില്‍ പണം വന്നിട്ടുണ്ടെന്ന് വിജിലന്‍സ്

കൊച്ചി : പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മാണ കാലത്ത് ലീഗ് മുഖപ്പത്രമായ ചന്ദ്രികയിലേയ്ക്ക് ഫണ്ട് വന്നിട്ടുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. പാലം നിര്‍മാണ അഴിമതിയുമായി ഇതിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇബ്രാഹിംകുഞ്ഞിനെതിരെ അഴിമതി കേസില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണെന്നും വിജിലന്‍സ് അറിയിച്ചു.

അഴിമതി നിരോധന നിയമപ്രകാരം ഇബ്രാഹിംകുഞ്ഞിനെതിരെ കേസ് അന്വേഷിക്കണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.എന്നാല്‍ മൂന്നാഴ്ചയോളമായി വിജിലന്‍സ് ഇതിനുള്ള അപേക്ഷ ആഭ്യന്തര വകുപ്പിന് കൈമാറിയിട്ട്. സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

അനുമതി ലഭിച്ചാല്‍ ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും വിജിലന്‍സ് സത്യവാങ്മൂലത്തില്‍ പറയുന്നു. പാലാരിവട്ടം പാലം അഴിമതിയിലെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകന്‍ ആയ ഗിരീഷ് ബാബു ആണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

അതേസമയം പാലം അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിജിലന്‍സ് ഡയറക്ടറുടെ വിശദീകരണം തേടിയിരുന്നു. പത്ത് ദിവസങ്ങള്‍ക്കകം വിജിലന്‍സ് വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് സുനില്‍ തോമസ് ഉത്തരവിട്ടിരുന്നു.

നോട്ടു നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രസ്ഥാപത്തിന്റെ അക്കൗണ്ടിലേക്ക് കൊച്ചിയിലെ രണ്ട് ബാങ്കുകളില്‍ നിന്നും 10 കോടി രൂപ നിക്ഷേപിച്ചുവെന്നും കണക്കില്‍പ്പെടാത്ത ഈ പണത്തിന്റെ കേന്ദ്രം ഏതെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അതിനാല്‍ അന്വേഷണം വേണമെന്നുമാണ് ആവശ്യം. അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങള്‍ കൈമാറുന്നത് നല്ല കാര്യമാണന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.

Top