തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി ശ്രീലേഖക്കെതിരെ അന്വേഷണം വേണ്ടെന്ന് പറഞ്ഞ ചീഫ് സെക്രട്ടറിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്.
ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി നല്‍കിയ ശുപാര്‍ശയിന്‍മേല്‍ അന്വേഷണം വേണ്ടെന്ന നിലപാടാണ് ചീഫ് സെക്രട്ടറി സ്വീകരിച്ചിരുന്നത്. ഇത് സംബന്ധിച്ച ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയന് അന്തിമ തീരുമാനത്തിനായി കൈമാറിയിരിക്കെയാണ് അപ്രതീക്ഷിതമായ വിജിലന്‍സ് കോടതി ഉത്തരവ് പുറത്ത് വന്നത്.
സ്വകാര്യ അന്യായം പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതി ശ്രീലേഖക്കെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിയതായ ആരോപണത്തില്‍ ചീഫ് സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു.
15 ദിവസത്തിനകം ഇത് സംബന്ധമായ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ഡയറക്ടറോട് കോടതി ആവശ്യപ്പെട്ടു.
മാനദണ്ഡം പാലിക്കാതെ നടത്തിയ സ്ഥലംമാറ്റം, റോഡ് സുരക്ഷാഫണ്ടിന്റെ അനധികൃത വിനിയോഗം, ഓഫീസ് പ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍, ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം തുടങ്ങിയവയിലാണ് മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഗതാഗതവകുപ്പ് ശുപാര്‍ശ ചെയ്തിരുന്നത്.
ഗതാഗത കമ്മിഷണറായിരുന്ന ടോമിന്‍ ജെ. തച്ചങ്കരി അന്വേഷിച്ച് നടപടി ശുപാര്‍ശ ചെയ്ത ഫയല്‍ ഗതാഗത സെക്രട്ടറിക്ക് കൈമാറിയിരുന്നു. കഴിഞ്ഞ ജൂലായ് 25ന് ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പ്രത്യേക കുറിപ്പോടെ ഫയല്‍ മന്ത്രി എ.കെ. ശശീന്ദ്രന് നല്‍കി. ഈ വിഷയത്തിലാണ് മന്ത്രി അന്വേഷണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ഫയല്‍ കൈമാറിയിരുന്നത്.
തച്ചങ്കരിക്കുമുമ്പാണ് ശ്രീലേഖ ഗതാഗത കമ്മിഷണറായി പ്രവര്‍ത്തിച്ചത്. അന്ന് ശ്രീലേഖ നടത്തിയ സ്ഥലംമാറ്റം, വിദേശയാത്രകള്‍ എന്നിവയില്‍ ക്രമക്കേടുണ്ടെന്നാണ് തച്ചങ്കരി കണ്ടെത്തിയത്. അതേസമയം, തന്നോടുള്ള വിരോധം തീര്‍ക്കാന്‍ തച്ചങ്കരി ശ്രമിക്കുന്നുണ്ടെന്ന് ശ്രീലേഖ മുമ്പ് ആരോപിച്ചിരുന്നു.
ശ്രീലേഖക്കെതിരായ ആരോപണം സംബന്ധിച്ച റിപ്പോര്‍ട്ട് 45 ദിവസത്തിനുള്ളില്‍ ഹാജരാക്കാനും വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.