തിരുവനന്തപുരം :രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ തേടി വിജിലന്‍സ്.
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കത്തയച്ചു.
ആദായനികുതി വകുപ്പ് ഡയറക്ടര്‍ക്കാണ് ജേക്കബ് തോമസ് കത്തയച്ചത്. നേതാക്കള്‍ക്കുള്ള നിക്ഷേപത്തിന്റെ കണക്കാണ് തേടിയിട്ടുള്ളത്. നേരത്തെ മുത്തൂറ്റ് ഫിനാന്‍സില്‍ നടത്തിയ റെയ്ഡിന്റെ ചുവട് പിടിച്ചാണ് വിവരങ്ങള്‍ അന്വേഷിക്കുന്നത്. വിവരങ്ങള്‍ നല്‍കാം എന്നു ആദായനികുതി വകുപ്പ് ഉറപ്പ് നല്‍കിയിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം മുന്‍മന്ത്രി കെ.ബാബുവിന്റെ വീട്ടിലും ബിനാമികളുടെ വീട്ടിലും നടത്തിയ റെയ്ഡില്‍ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു.
ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് രാഷ്ട്രീയ നേതാക്കളുടെ സമ്പാദ്യത്തിന്റെ കണക്കുകള്‍ തേടുന്നത്.
ബാര്‍ കോഴ ആരോപണത്തില്‍പെട്ട കെ.എം മാണി, വി.എസ് ശിവകുമാര്‍, അടൂര്‍ പ്രകാശ് എന്നിവരിലേക്കും അന്വേഷണം നീളുന്നു എന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.
ആര്‍ക്കെല്ലാം കണക്കില്‍ പെടാത്ത സ്വത്തുണ്ടെന്നാണ് അന്വേഷിക്കുന്നത്. ബാബുവിന്റെ സ്വത്ത് വിവരങ്ങളില്‍ ,എല്ലാം ബാബു മന്ത്രിയായിരുന്ന അഞ്ചു വര്‍ഷക്കാലം കൊണ്ട് സമ്പാദിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മന്ത്രിയായിരുന്ന കാലയളവില്‍ ബാബു അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് വീട്ടില്‍ പരിശോധന നടത്തിയത്.
ബാബുവിന്റെയും മക്കളുടെയും അടുത്ത ബിനാമികളുടെയും വീടുകളില്‍ ഒരേസമയം റെയ്ഡ് നടത്തി. എട്ടുലക്ഷം രൂപയും കുറേ രേഖകളും പിടിച്ചെടുത്തിരുന്നു.
ബാബു തേനിയില്‍ 120 ഏക്കര്‍ തോട്ടം ഭൂമി സ്വന്തമാക്കിയതായും മകളുടെ ഭര്‍തൃപിതാവിന്റെ പേരില്‍ ബെന്‍സ് കാര്‍ വാങ്ങിയതായും കണ്ടെത്തിയിരുന്നു.