കൊച്ചി : ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കൈമാറാന്‍ എന്‍ഐഎ കോടതി അനുമതി നല്‍കിയതോടെ വിജിലന്‍സ് അന്വേഷണം വീണ്ടും ഊർജിതമായി. സി ഡാക്കില്‍ നിന്ന് വിവരങ്ങള്‍ വിജിലന്‍സിന് ലഭിക്കുന്നതോടെ അന്വേഷണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കും. സ്വപ്ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ടും വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഔദ്യോഗിക രഹസ്യവിവരങ്ങള്‍ ശിവശങ്കര്‍ സ്വര്‍ണകള്ളക്കടത്ത് കേസ് പ്രതികള്‍ക്ക് കൈമാറിയെന്നായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍.
ഇത് തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍ കിട്ടിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കിയിരുന്നു.എം. ശിവശങ്കര്‍, സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവരുടെ കോള്‍ രേഖകള്‍ പരിശോധിക്കാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. ഇത് അന്വേഷിക്കുന്നതിലൂടെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കമ്മീഷന്‍ ഇടപാടിലെ ഗൂഢാലോചനയില്‍ ആരൊക്കെ പങ്കെടുത്തിട്ടുണ്ടെന്നു അറിയാമെന്നാണ് വിജിലന്‍സ് കരുതുന്നത്.ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിനു ഈ വാട്സ്ആപ്പ് സന്ദേശങ്ങള്‍ അനിവാര്യമാണെന്ന നിലപാടിലായിരുന്നു വിജിലൻസ്, ഏതായാലും അതിന് അനുമതി ലഭിച്ചതോടെ കേസ് അന്വേഷണം ഇനി ശക്തിപ്പെടും.