കണ്ണൂര്‍: കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലെ മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്ലാത്ത 16,900 രൂപ പിടിച്ചെടുത്തു. വാഹനങ്ങളില്‍ നിന്നും അനധികൃതമായി പണം പിരിക്കുന്ന രണ്ട് ഇടനിലക്കാരും വിജിലന്‍സ് കസ്റ്റഡിയിലായിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി നടത്തിയ ‘ഓപ്പറേഷന്‍ ഭ്രഷ്ട് നിര്‍മൂലന്‍’ പരിശോധനയുടെ ഭാഗമായാണ് ചെക്ക് പോസ്റ്റുകളില്‍ വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ പരിശോധന നടത്തിയത്. ചെറിയ വാഹനങ്ങള്‍ക്ക് രശീതോ, മറ്റ് ചോദ്യങ്ങളോ ഇല്ലാതെ 50 രൂപ കൊടുത്തും, വലിയ വാഹനങ്ങള്‍ 100 കൊടുത്തും പരിശോധനകള്‍ ഇല്ലാതെ കടന്നുപോകുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തി.
കണ്ണൂര്‍ കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ ദിവസം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ചെക്ക് പോസ്റ്റില്‍ കഴിഞ്ഞമാസം വെറും 25 വാഹനങ്ങളാണ് ഭാര പരിശോധന നടത്തിയതെന്ന് വിജിലന്‍സ് കണ്ടെത്തി. അതില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഭാരകൂടുതല്‍ കണ്ടെത്തിയത്. എന്നാല്‍ ഭാരപരിശോധന യന്ത്രം ഇല്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ചെക്ക് പോസ്റ്റിലെ ക്യാമറയും പ്രവര്‍ത്തിക്കുന്നില്ല. കൈക്കൂലിക്കെതിരായ ബോര്‍ഡ് ആരും കാണാത്ത സ്ഥലത്താണ് സ്ഥാപിച്ചിരുന്നത്. ഇവയുടെ എല്ലാം വിശദമായ വീഡിയോ വിജിലന്‍സ് എടുത്തു.