കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കെ.എം.ഷാജി എംഎല്‍എയ്ക്ക് വിജിലന്‍സിന്റെ നോട്ടിസ്. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കോഴിക്കോട് വിജിലന്‍സ് ഓഫിസിലെത്താനാണ് നിർദേശം. എന്നാൽ, കുടുംബത്തോടൊപ്പം യാത്രയിലാണെന്നും വൈകാതെ തീരുമാനമറിയിക്കുമെന്നും കെ.എം.ഷാജി വിജിലന്‍സിന് മറുപടി നല്‍കി.
രേഖകള്‍ 24 മണിക്കൂറിനകം ഹാജരാക്കുമെന്ന പറഞ്ഞ ഷാജി ഇതുവരെ രേഖകള്‍ ഹാജരാക്കിയില്ല. റെയ്ഡ് നടന്ന് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് വീണ്ടും കെ എം ഷാജിയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ഒരുങ്ങുന്നത്.
ഷാജിയുടെ കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലേയും വീടുകളിലാണ് വിജിലന്‍സ് സംഘം തിങ്കളാഴ്ച പരിശോധന നടത്തിയത്. കോഴിക്കോട് സ്വദേശിയായ അഭിഭാഷകന്റെ പരാതിയിലാണ് ഷാജിക്കെതിരെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.