ചൂര്‍ണിക്കര വ്യാജരേഖക്കേസ്; അന്വേഷണം പൂര്‍ണമായി വിജിലന്‍സ് ഏറ്റെടുക്കാന്‍ സാധ്യതയെന്ന്

കൊച്ചി: ചൂര്‍ണിക്കര വ്യാജരേഖക്കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അരുണിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ പൊലീസില്‍ നിന്നും അന്വേഷണം പൂര്‍ണമായി വിജിലന്‍സ് ഏറ്റെടുക്കാന്‍ സാധ്യത.

പൊലീസ് കസ്റ്റഡിയിലുള്ള ലാന്‍ഡ് റവന്യൂ ഉദ്യോഗസ്ഥന്‍ അരുണിനെ ഇന്ന് വിജിലന്‍സ് സംഘം ചോദ്യം ചെയ്യും. ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭൂമി തരം മാറ്റാന്‍ വ്യാജരേഖ നിര്‍മ്മിച്ച കാലടി സ്വദേശി അബു പിടിയിലായത്.

അബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ലാന്‍ഡ് റവന്യൂ ഓഫീസിലെ സെക്ഷന്‍ ഓഫീസറായ തിരുവനന്തപുരം ആര്യനാട് സ്വദേശി അരുണിനെ പൊലീസ് പിടികൂടുകയായിരുന്നു. വ്യാജരേഖയില്‍ സര്‍ക്കാര്‍ സീല്‍ പതിപ്പിച്ചത് അരുണ്‍ ആണെന്നായിരുന്നു അബു മൊഴി നല്‍കിയത്.

റവന്യൂ മന്ത്രിയായിരിക്കെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്ന അരുണ്‍ സമാനമായ തട്ടിപ്പ് മുമ്പ് നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അരുണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം പിടിയിലായ അബുവിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

അതേസമയം, കേസില്‍ ഇടനിലക്കാരനായ അബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്. ചൂര്‍ണിക്കര വില്ലേജില്‍ 25 സെന്റ് നിലം നികത്താനായി തയ്യാറാക്കിയ വ്യാജ ഉത്തരവില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ സീല്‍ പതിപ്പിച്ചത് ക്ലര്‍ക്ക് അരുണായിരുന്നു.

ആലുവ ചൂര്‍ണിക്കര വ്യാജരേഖ കേസിലെ ഇടനിലക്കാരനായ അബുവിനെ ഇന്നലെ ഉച്ചക്കാണ് പൊലീസ് പിടികൂടിയത്. പൊലീസും വിജിലന്‍സ് സംഘവും ഇന്നലെ പ്രതിയെ വിശദമായി ചോദ്യം ചെയ്തു. ഇയാല്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ലാന്‍ഡ് റവന്യൂ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കിനെ പൊലീസ് ഇന്നലെ കസ്റ്റയിയിലെടുത്തത്.

വ്യാജ രേഖ ചമച്ചതുമായി ബന്ധപ്പെട്ട് അബുവില്‍ നിന്ന് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അബുവില്‍ നിന്നും നിരവധി പ്രമാണങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം ചൂര്‍ണിക്കരയില്‍ ദേശീയ പാതയോട് ചേര്‍ന്ന് നില്‍ക്കുന്ന 25 സെന്റ് നിലം നികത്താനായാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും ആര്‍.ഡി.ഒയുടെയും പേരില്‍ വ്യാജ ഉത്തരവിറക്കിയത്. ഭീമി തരംമാറ്റാനുള്ള നീക്കം വില്ലേജ് ഓഫീസറുടെ ഇടപെടലിനെ തുടര്‍ന്നാണ് പിടിക്കപ്പെട്ടത്.

Top