നിലമ്പൂര്‍: സിനിമാ തിയേറ്ററുകള്‍ ശുദ്ധീകരിക്കാനും ജേക്കബ് തോമസിന്റെ വിജിലന്‍സ് രംഗത്ത്. നിലമ്പൂരിലെ തിയേറ്ററുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍ വെട്ടിപ്പാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് നഗരസഭാ സെക്രട്ടറി കെ. പ്രമോദ് ഉള്‍പ്പെടെ എട്ടു നഗരസഭാ ജീവനക്കാര്‍ക്കും രണ്ട് തിയറ്റര്‍ മാനേജര്‍മാരുമടക്കം 10 പേര്‍ക്കെതിരെയും വിജിലന്‍സ് കേസെടുത്തു.
തട്ടിപ്പു പുറത്തുകൊണ്ടുവരാന്‍ വിജിലന്‍സിനെ സഹായിച്ചത് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ കബാലി സിനിമ റിലീസ് ദിവസത്തിലും ആളില്ലെന്ന കള്ളക്കണക്കാണ്. ഫെയറിലാന്‍ഡ്, ജ്യോതി തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സൂപ്പര്‍താരം രജനീകാന്തിന്റെ കബാലിയുടെ ആറു ദിവസത്തെ കളക്ഷന്‍ പരിശോധിച്ചതില്‍ തന്നെ രണ്ടു തീയേറ്ററുകളിലായി നാലരലക്ഷത്തിലേറെ രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ദിവസങ്ങളോളം തിയറ്റര്‍ നിറഞ്ഞോടിയ കബാലിക്കുപോലും ഒഴിഞ്ഞ സീറ്റുമായായിരുന്നു പ്രദര്‍ശനമെന്ന കണക്കാണ് നികുതിതട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ വിജിലന്‍സിന് സഹായകമായത്.
നഗരസഭാ ജീവനക്കാര്‍ക്കു പുറമെ ഫെയറിലാന്റ് ഉടമ തങ്കരാജ്, ജോതി തീയേറ്റര്‍ ലീസിനെടുത്തു നടത്തുന്ന ഗിരീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. എഫ്.ഐ.ആര്‍ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചതായി മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പി കെ.സലീം പറഞ്ഞു.
നഗരസഭാ സെക്രട്ടറി അടക്കമുള്ള ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിക്കും വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉദ്യോഗസ്ഥര്‍ നികുതിയുമായി ബന്ധപ്പെട്ട് തീയേറ്ററുകളില്‍ യാതൊരു പരിശോധനയും നടത്തിയിട്ടില്ല. പല സിനിമകളും തിയറ്റര്‍ നിറഞ്ഞോടുമ്പോഴും ഒറ്റ ദിവസംപോലും തീയേറ്ററുകളില്‍ ഹൗസ് ഫുള്ളായിട്ടില്ലെന്നാണ് ഡിസിആര്‍ പരിശോധനയില്‍ കണ്ടെത്തിയത്.
സിനിമാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് തീയേറ്റര്‍ ഉടമകള്‍ നല്‍കിയ ഡിസിആറുകളിലെ കണക്കും നഗരസഭയില്‍ നല്‍കിയ ഡിസിആറിലെ കണക്കും തമ്മില്‍ വലിയ അന്തരമാണുള്ളത്. വിതരണക്കാര്‍ക്ക് യഥാര്‍ഥ കണക്കു നല്‍കുകയും നികുതി വെട്ടിപ്പിനായി നഗരസഭക്ക് മറ്റൊരു ഡിസിആര്‍ നല്‍കുകയുമാണ് ചെയ്തിരുന്നത്. കഴിഞ്ഞ ആറിന് വിജിലന്‍സ് സിഐ കുഞ്ഞുമൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം നഗരസഭയിലും തീയേറ്ററുകളിലും പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു.
നൂറു രൂപക്ക് 20 രൂപയാണ് നഗരസഭക്ക് വിനോദ നികുതിയിനത്തില്‍ ലഭിക്കേണ്ടത്. വര്‍ഷങ്ങളായുള്ള നികുതിവെട്ടിപ്പിലൂടെ നഗരസഭക്ക് ഈ ഇനത്തില്‍ ലഭിക്കേണ്ട കോടിക്കണക്കിനു രൂപയാണ് നഷ്ടമായിട്ടുള്ളത്. ഉദ്യോഗസ്ഥര്‍ക്കും തീയേറ്റര്‍ ഉടമകള്‍ക്കുമെതിരെ കേസെടുത്തത് നഗരസഭാ ഭരണസമിതിക്കും തിരിച്ചടിയായി.
വിജിലന്‍സ് ക്രമക്കേട് കണ്ടെത്തി ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും തീയേറ്റര്‍ ഉടമകളോട് വിശദീകരണം പോലും ചോദിച്ചിട്ടില്ല. ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നാണ് നഗരസഭാ വൈസ് ചെയര്‍മാന്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞത്.
വിജിലന്‍സിന്റെ മുഖച്ഛായ മാറ്റിയും പ്രവര്‍ത്തന മേഖല വര്‍ദ്ധിപ്പിച്ചും ഡയറക്ടര്‍ ജേക്കബ് തോമസ് നടത്തുന്ന ഇടപെടലുകളുടെ ഭാഗമായാണ് ഇതുവരെ കടന്നു ചെല്ലാത്ത മേഖലകളില്‍ പോലും ഇപ്പോള്‍ ശക്തമായ നടപടി തുടരുന്നത്.