കൊച്ചി: വികസന അതോറിറ്റി പള്ളുരുത്തി രാമേശ്വരത്ത് തുടങ്ങിയ മത്സ്യകൃഷിയില്‍ വന്‍ അഴിമതിയെന്ന് വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട്. മത്സ്യക്കുഞ്ഞുങ്ങള്‍ ചത്തുപോയെന്ന് കളവ് പറഞ്ഞ് പണം തട്ടിയെന്നാണ് വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇക്കോ ടൂറിസം പദ്ധതിക്ക് സാധ്യതാപഠനം നടത്തിയില്ലെന്നും കണ്ടല്‍കാടുകള്‍ നശിപ്പിച്ചെന്നുമുള്ള കാര്യങ്ങളിലും വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കൊച്ചി വികസന അതോറിറ്റി പള്ളുരുത്തി രാമേശ്വരത്ത് 2015ല്‍ നടപ്പാക്കിയ ഇക്കോ ടൂറിസം പദ്ധതിയിലും ഇതിന്റെ ഭാഗമായ മത്സ്യകൃഷിയിലും അഴിമതിയും ക്രമക്കേടും നടന്നതായാണ് വിജിലന്‍സ് കണ്ടെത്തല്‍.
ആറുകോടി അറുപതു ലക്ഷം രൂപ മുടക്കി വികസന അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ജലാശയത്തിന് ആഴും കൂട്ടുകയും ഇവിടെ കൂട് മത്സ്യകൃഷി നടപ്പാക്കുകയുമായിരുന്നു.
നോട്ടിഫിക്കേഷന്‍ പ്രകാരം ഓണ്‍ലൈന്‍ ടെന്‍ഡര്‍ വിളിക്കാതെ സൈമണ്‍ വര്‍ഗീസ് എന്ന വ്യക്തിക്ക് കരാര്‍ നല്‍കി. 2015 ജൂലൈയില്‍ മത്സ്യകൃഷിക്കായി കാളാഞ്ചിക്കുഞ്ഞുങ്ങളെ വാങ്ങാന്‍ സൈമണ്‍ വര്‍ഗീസിന് 10 ലക്ഷത്തി എണ്‍പതിനായിരം രൂപ അനുവദിച്ചു.
മീന്‍ 50 ഗ്രാം തൂക്കമാകുമ്പോള്‍ ജിസിഡിഎയുടെ കുളത്തില്‍ നിക്ഷേപിക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഈ മീനുകള്‍ ചത്തുപോയെന്ന് പറഞ്ഞ് 2016 ഏപ്രിലില്‍ വീണ്ടും പത്തുലക്ഷത്തി എണ്‍പതിനായിരം രൂപ അനുവദിച്ചെന്ന് വിജിലന്‍സ് കണ്ടെത്തി.
ജിസിഡിഎ മുന്‍ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, മുന്‍സെക്രട്ടറി ആര്‍ ലാലു, കരാറുകാരന്‍ സൈമണ്‍ വര്‍ഗീസ് എന്നിവരെ പ്രതികളാക്കിയാണ് വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇതിനു പുറമേ മത്സ്യകൃഷിക്കായി കണ്ടല്‍ക്കാടുകള്‍ വെട്ടിയതും സാങ്കേതിക സമിതിയെ നിയോഗിച്ചതുമടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും.