കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വിജിലന്‍സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
മന്ത്രി എന്ന നിലയില്‍ പദവി ദുരുപയോഗം ചെയ്ത് ഗൂഢാലോചനയില്‍ പങ്കാളിയായി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു. വിശദമായി ചോദ്യം ചെയ്യേണ്ടതിനാല്‍ നാലു ദിവസത്തേക്ക് കസ്റ്റഡി അനുവദിക്കണമെന്നും വിജിലന്‍സ് കോടതിയോട് ആവശ്യപ്പെട്ടു.
അതേസമയം തനിക്കെതിരെ തെളിവില്ലെന്നും രാഷ്ട്രീയ ഗുഢാലോചനയാണ് അറസ്റ്റെന്നും ജാമ്യാപേക്ഷയില്‍ ഇബ്രാഹിംകുഞ്ഞ് ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ജാമ്യം അനുവദിക്കണം എന്നാണ് ആവശ്യം.