VIGILANCE STATEMENT

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ അമിതരാഷ്ട്രീയം ഫയല്‍നീക്കത്തിനു തടസം സൃഷ്ടിക്കുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്.

ചില ഉദ്യോഗസ്ഥര്‍ മാസങ്ങളോളം ഫയല്‍ പൂഴ്ത്തിവയ്ക്കുന്നു. കൃത്യനിര്‍വഹണത്തില്‍ ബോധപൂര്‍വം വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരും വിജിലന്‍സിനു നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് കൈമാറിയത്.

ഫയല്‍ നീക്കത്തെ സംബന്ധിച്ചുള്ള നിരവധി പരാതികള്‍ ഇതിനോടകം വിജിലന്‍സിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

ഭരണസിരാകേന്ദ്രത്തിലെ അമിത രാഷ്ട്രീയമാണ് പലപ്പോഴും ഫയല്‍ നീക്കത്തിനു തടസമാകുന്നതെന്നാണ് വിജിലന്‍സിന്റെ പ്രധാന കണ്ടെത്തല്‍.

അപൂര്‍വമായി പിടിവീഴുമ്പോള്‍ രാഷട്രീയത്തിന്റെ സ്വാധീനമുപയോഗിച്ചു രക്ഷപ്പെടുന്നു. പലപ്പോഴും ഫയല്‍ വൈകുന്നതിന്റെ കാരണം പോലും പരാതിക്കാരനെ രേഖാമൂലം ബോധ്യപ്പെടുത്താന്‍ തയാറാകുന്നില്ല.

ഉദ്യോഗസ്ഥര്‍ക്ക് താല്‍പ്പര്യമുള്ള ഫയലുകളില്‍ എളുപ്പം തീരുമാനമുണ്ടാകുമ്പോള്‍ മറ്റുള്ളവ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നു.

ഉദ്യോഗസ്ഥരുടെ ഉദാസീനത മൂലം വൈകുന്ന ഫയലുകളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികളും വിജിലന്‍സ് ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൂര്‍ണ പിന്തുണ ഉണ്ടെന്നുള്ളതാണ് ഇപ്പോഴത്തെ നീക്കത്തിനു വിജിലന്‍സിനു ബലം നല്‍കുന്നത്.

എന്നാല്‍ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടു വകുപ്പു മേധാവികള്‍ അടക്കം 61ല്‍ പരം ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയുള്ള ശുപാര്‍ശയിന്മേല്‍ സര്‍ക്കാര്‍ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല.

സര്‍ക്കാര്‍ അനുമതി ലഭിച്ചാലേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുകയുള്ളു. സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ടെങ്കിലേ വിജിലന്‍സിന്റെ പുതിയ നീക്കവും വിജയിക്കൂ.

Top