കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടില്‍ വിജിലന്‍സ് സംഘമെത്തി. ഉദ്യോഗസ്ഥ സംഘം എത്തിയത് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനാണെന്ന അഭ്യൂഹം പരക്കുന്നുണ്ട്.
നേരത്തെ പാലാരിവട്ടം അഴിമതി കേസില്‍ ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ത്തിരുന്നു. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് വീട്ടിലെത്തിയിരിക്കുന്നത്. ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ മാത്രമാണ് നിലവില്‍ വീട്ടിലുള്ളതെന്നാണ് സൂചന. വനിത പൊലീസ് എത്തിയതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇബ്രാഹിംകുഞ്ഞിന്റെ വീടിനുള്ളില്‍ കടന്നു
ഇബ്രാഹിംകുഞ്ഞ് വീട്ടില്‍ ഇല്ലെന്നും കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്ന വിവരമാണ് ബന്ധുക്കള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇബ്രാഹിം കുഞ്ഞിനെ മുന്‍പ് പലതവണ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. അപ്പോഴൊക്കെ നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് നോട്ടീസ് നല്‍കി വിളിച്ചു വരുത്തുന്നതിനു പകരം ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്. ഇ.ഡിയും വിജിലന്‍സുമാണ് കേസ് അന്വേഷിക്കുന്നത്.