മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കാനാവില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ കേസെടുക്കാനാകില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ് വിജിലന്‍സ് തങ്ങളുടെ നിലപാട് അറിയിച്ചത്. കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി പരിഗണിക്കുന്നത് കോടതി മാര്‍ച്ച് 27-ലേക്ക് മാറ്റി.

വീണാ വിജയന്റെ കമ്പനിയും എക്‌സാലോജിക്കും തമ്മിലുള്ള പണമിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു മാത്യു കുഴല്‍നാടന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍, ഈ ആവശ്യത്തെ വിജിലന്‍സ് കോടതിയില്‍ എതിര്‍ത്തു. കേസിന്റെ വിശദാംശങ്ങള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ അന്വേഷണത്തിന് സാധ്യതയില്ലെന്നും വിജിലന്‍സ് അറിയിച്ചു.

മാസപ്പടി അന്വേഷണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നേരത്തെ വിജിലന്‍സില്‍ പരാതി സമര്‍പ്പിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായി വാര്‍ത്താ സമ്മേളനങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. രേഖകള്‍ സഹിതമാണ് അദ്ദേഹം വിജിലന്‍സിന് പരാതി സമര്‍പ്പിച്ചത്.

Top