കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലെ അഴിമതി സംബന്ധിച്ച് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. വിജിലന്‍സ് ഓഫീസില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്. രണ്ടു മണിക്കൂറോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നടപടി.
ചില കാര്യങ്ങള്‍ അറിയുന്നതിനായിട്ടാണ് തന്നെ വിളിപ്പിച്ചതെന്നും അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞെന്നും ചോദ്യം ചെയ്യലിനു ശേഷം ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചു. വീഴ്ചകള്‍ സ്വഭാവികമാണെന്നും പാലം പണിയില്‍ നേരത്തെയും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ തന്നെ ചോദ്യം ചെയ്യണ്ടവരുടെ പട്ടിക വിജിലന്‍സ് തയ്യാറാക്കിയിരുന്നു. പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതിയുടെ പൂര്‍ണ ഉത്തരവാദിത്വം യുഡിഎഫ് സര്‍ക്കാരിനാണെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.
ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ഇബ്രാഹിം കുഞ്ഞിന്റെയും കോലം കത്തിച്ചിരുന്നു.