തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി പി.എസ് സരിത്തിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കും. ഇതിനായി പാലക്കാട് നിന്ന് പിടിച്ചെടുത്ത ഫോൺ തിരുവനന്തപുരത്ത് എത്തിക്കും. ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഫോണിൽ നിന്ന് ലഭിക്കുമെന്നാണ് വിജിലൻസിൻറെ നിഗമനം.
അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ സംശയനിഴലിലാക്കിയ സ്വപ്ന സുരേഷിനും പി.സി. ജോർജിനുമെതിരെ രജിസ്റ്റർ ചെയ്ത കേസ് പുതിയ സംഘം അന്വേഷിക്കുമെന്നാണ് വിവരം. അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിക്കുമെന്ന് ഡി.ജി.പി അറിയിച്ചിട്ടുണ്ട്. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുൻ മന്ത്രി കെ.ടി. ജലീലാണ് പരാതി നൽകിയത്.
സ്വർണക്കടത്തുകേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിൻറെ പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സ്വപ്ന മാധ്യമങ്ങളോട് സംസാരിച്ചതിന് തൊട്ടുപിന്നാലെ ഫ്ലാറ്റിൽ നിന്ന് സരിത്തിനെ നാലംഗ സംഘം വാഹനത്തിൽ കൊണ്ടു പോയത്. ഇതേതുടർന്ന് സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. ഇതോടെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഫ്ലാറ്റിലെത്തിയ പൊലീസ് സംഘം സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. പിന്നാലെ ലൈഫ് മിഷൻ കേസിൽ വിജിലൻസ് സരിത്തിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി.