Vigilance’s ‘Edu Vigil’ to put a check on capitation fee

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കേളേജുകളിലെയും സ്‌കൂളുകളിലെയും തലവരിപ്പണം വാങ്ങുന്നത് നിര്‍ത്തലാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ പ്രഖ്യാപിച്ച പദ്ധതി സ്വകാര്യ-സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് തിരിച്ചടിയായി.

നിലവിലെ പ്രഖ്യാപനത്തിന്റെ സാഹചര്യത്തില്‍ ഏത് സമയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്താന്‍ വിജിലന്‍സിന് കഴിയുമെന്നതാണ് സ്വാശ്രയ മാനേജ്‌മെന്റുകളെ ആശങ്കയിലാഴ്ത്തുന്നത്.

‘എഡ്യുവിജില്‍’ എന്ന് പേരിട്ട പുതിയ ഓപ്പറേഷന്റെ മാര്‍ഗ്ഗരേഖ സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് ഓഫീസുകളിലേക്കും ഡയറക്ടറേറ്റില്‍ നിന്ന് അയച്ച് കൊടുത്തിട്ടുണ്ട്. അദ്ധ്യാപക-വിദ്യാര്‍ത്ഥി പ്രവേശനങ്ങള്‍ക്ക് തലവരിപ്പണം വാങ്ങുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ സ്ഥാപിച്ചിട്ടുള്ളതിന് സമാനമായി തലവരിപ്പണം വാങ്ങുന്നത് കുറ്റകരമാണെന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്.

ഇതോടെ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ വലിയ തിരിച്ചടിയാണ് സ്വകാര്യ-സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് നേരിടേണ്ടി വരിക.

മറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ കിട്ടാത്തവരും,തലവരിപ്പണം കൊടുക്കാന്‍ താല്‍പര്യമില്ലാത്തവരുമെല്ലാം വിജിലന്‍സിനെ സമീപിക്കാനുള്ള സാധ്യത വളരെ കുടുതലുളള മേഖലയാണിത്.

മാത്രമല്ല പരാതി ലഭിച്ചാല്‍ അഡ്മിഷന്‍ രേഖകള്‍ പരിശോധിച്ച് നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണോ ഇവിടങ്ങളില്‍ വിദ്യാര്‍ത്ഥി പ്രവേശനം നടന്നതെന്ന കാര്യം കണ്ടെത്താന്‍ വിജിലന്‍സിന് എളുപ്പത്തില്‍ കഴിയുകയും ചെയ്യും.

എല്‍കെജി സ്‌കൂളുകളിലെ അഡ്മിഷന് പോലും വന്‍ തലവരിപ്പണമാണ് നിലവില്‍ വാങ്ങുന്നത്.

വിജിലന്‍സിന്റെ നോട്ടപ്പുള്ളികളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറുന്നത് വലിയ ‘തിരിച്ചടി’യാവുമെന്ന് കണ്ട് ഈ നീക്കത്തിനെതിരെ രംഗത്ത് വരാന്‍ പല മാനേജ്‌മെന്റുകളും സംഘടനാ നേതൃത്വത്തെ സമീപിച്ചു കഴിഞ്ഞു.

അദ്ധ്യാപക നിയമനത്തില്‍ പോലും പണം വാങ്ങാന്‍ പറ്റാതിരുന്നാല്‍ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ട് പോകാന്‍ പറ്റില്ലെന്നാണ് ഈ വിഭാഗത്തിന്റെ വാദം.

വിദ്യാഭ്യാസ മേഖലയിലെ അരക്ഷിതാവസ്ഥക്ക് വിജിലന്‍സ് നടപടി കാരണമാകുമെന്ന ‘മുന്നറിയിപ്പ്’ നല്‍കാന്‍ പോലും ചില മാനേജ്‌മെന്റുകള്‍ മടിക്കുന്നില്ല.

സംഘടനാപരമായി പ്രതികരിക്കുകയല്ലാതെ വ്യക്തിപരമായി പ്രതികരിച്ചാല്‍ ‘പണി പാളു’മെന്ന് കണ്ടാണ് തന്ത്രപരമായ നീക്കം.

സ്വകാര്യ-സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അംഗങ്ങളായ സംഘടനകളുടെ സംയുക്ത യോഗം വിളിച്ച് സര്‍ക്കാരിനെ ആശങ്ക അറിയിക്കാനാണ് പദ്ധതി.

എന്നാല്‍ വിജിലന്‍സിന് പൂര്‍ണ്ണ സ്വാതന്ത്ര്യം മുഖ്യമന്ത്രി നല്‍കിയതിനാല്‍ ഇത്തരമൊരു നീക്കം കൊണ്ട് പ്രയോജനമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന അഭിപ്രായവും ഒരുവിഭാഗത്തിനുണ്ട്.

അതേസമയം വിജിലന്‍സിന്റെ പുതിയനീക്കം പൊതുസമൂഹത്തിനിടയില്‍ സമ്മിശ്രപ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിദ്യാഭ്യാസകച്ചവടം തടയാന്‍ ഒരു പരിധിവരെ ഈ നടപടികള്‍ കൊണ്ട് കഴിയുമെന്നാണ് ജനങ്ങളുടെ വിശ്വാസം.

Top