vigilence fir rejected k babu

കൊച്ചി: ബാര്‍കോഴ ആരോപണത്തില്‍ തനിക്കെതിരായ എഫ്‌ഐആര്‍ തള്ളി മുന്‍മന്ത്രി എക്‌സൈസ് കെ ബാബു. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ബാബു പറഞ്ഞു.

ലൈസന്‍സ് അനുവദിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം അനുസരിച്ചാണെന്നും ബാബു വ്യക്തമാക്കി. ബാര്‍ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണത്തില്‍ ബാബുവിനെതിരെ ഈ മാസം 21 ന് വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി ബാബു രംഗത്തെത്തിയിരിക്കുന്നത്.

ബാര്‍ ലൈസന്‍സ് ഇടപാടില്‍ മുന്‍ എക്‌സൈസ് മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയതായും ബാര്‍, ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും വിജിലന്‍സിന്റെ ത്വരിതപരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

കേസില്‍ ബാബു നല്‍കിയ വിശദീകരണം വിജിലന്‍സ് തള്ളി. ബാബുവിന്റേത് വ്യക്തമായ മറുപടിയല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ത്വരിതാന്വേഷണത്തില്‍ ബാബുവിനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന് വിജിലന്‍സ് കണ്ടെത്തുകയും ഇത് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബാബുവിനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റെ വി എം രാധാകൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് കേസെടുത്തത്.

Top