ചെന്നൈ: കഴിഞ്ഞ ദിവസമാണ് നയന്‍താര ഭര്‍ത്താവ് വിഘ്‌നേശ് ശിവനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ മൊത്തം പരന്നത്. എന്നാല്‍ ഈ വാര്‍ത്ത വന്നതിന് ശേഷം വിഘ്‌നേശ് ഇട്ട ഇന്‍സ്റ്റ സ്റ്റോറിയില്‍ നയന്‍താരയുടെ ഫോട്ടോ തന്നെയാണ്. നയന്‍താരയുടെ ബ്യൂട്ടി ബ്രാന്‍ഡായ 9 സ്‌കിന്‍ വരാനിരിക്കുന്ന അവാര്‍ഡ് ഷോയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ആയിരിക്കുമെന്ന പോസ്റ്ററാണ് സംവിധായകനായ വിഘ്‌നേശ് പങ്കുവച്ചിരിക്കുന്നത്. അവാര്‍ഡ് ഷോയുടെ വിശദാംശങ്ങള്‍ക്കൊപ്പം പൂക്കളുമായി പോസ് ചെയ്യുന്ന നയന്‍താരയുടെ ഫോട്ടോയും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭര്‍ത്താവും നയന്‍താരയും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് വിഘ്‌നേശിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി അതേ സമയം നയന്‍താര വിഘ്‌നേശിനെ വീണ്ടും ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരാന്‍ ആരംഭിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. നയന്‍താര വിഘ്‌നേശിനെ ‘അണ്‍ഫോളോ’ ചെയ്തത് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത് സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ഭര്‍ത്താവ് വിഘ്‌നേഷ് ശിവനെ ഇന്‍സ്റ്റാഗ്രാമില്‍ ‘അണ്‍ഫോളോ’ ചെയ്തതായുള്ള റെഡ്ഡിറ്റ് പോസ്റ്റ് വൈറലായത്. ഇതിനൊപ്പം തന്നെ നയന്‍താര തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ വ്യക്തമല്ലാത്ത സന്ദേശവും പങ്കുവച്ചത് ചര്‍ച്ചയായിരുന്നു. ഇതെല്ലാം ചേര്‍ത്ത് വച്ച് വിഘ്നേഷും നയന്‍സും തമ്മിലുള്ള ബന്ധത്തില്‍ എല്ലാം ശരിയാണോ എന്ന തരത്തിലുള്ള ചോദ്യവും അഭ്യൂഹവും ഉയര്‍ന്നിരുന്നു. എന്നാലിതിന് മണിക്കൂറുകള്‍ മാത്രമാണ് ആയുസുണ്ടായത്.
2022 ജൂണ്‍ 9നാണ് നയന്‍താരയും വിഘ്‌നേശും ചെന്നൈ മഹാബലിപുരത്ത് വച്ച് വിവാഹിതരായത്. ഷാരൂഖ് ഖാന്‍ ബോളിവുഡ് കോളിവുഡ് താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. നയന്‍സിനും വിഘ്‌നേശിനും ഉലകം, ഉയിര്‍ എന്നിങ്ങനെ ഇരട്ട മക്കളാണ്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുട്ടികള്‍ ജനിച്ചത്. അതേ സമയം വിഘ്‌നേഷ് ശിവന്‍ തന്റെ കരിയറില്‍ ചില പ്രശ്‌നങ്ങളിലാണ്. അജിത്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ വിഘ്‌നേഷ് തീരുമാനിച്ചിരുന്നു. ഇതില്‍ നിന്നും പിന്നീട് ഇദ്ദഹത്തെ മാറ്റിയത് ഏറെ ശ്രദ്ധനേടി. പ്രദീപ് രംഗനാഥനെ വച്ച് എല്‍ഐസി എന്നൊരു സിനിമ വിഘ്‌നേഷ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ടൈറ്റിലിന്റെ പേരില്‍ നടന്ന വിവാദം സിനിമയെ മുന്നോട്ട് കൊണ്ടുപോയില്ല.