ചെന്നൈ: തന്റെ മതം മനുഷ്യമതമാണെന്ന് നടന്‍ വിജയ്.
‘മെര്‍സല്‍’ വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പിന്തുണയറിയിച്ച സുഹൃത്തുക്കളോടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
മതത്തേക്കാള്‍ മനുഷ്യനെയാണ് ആദ്യം സ്‌നേഹിക്കേണ്ടതെന്നും തന്റെ പേര് ഒരിക്കലും മാറ്റിയിട്ടില്ലെന്നും പറഞ്ഞ വിജയ് താന്‍ എന്തോ കുറ്റം ചെയ്തു എന്ന തരത്തില്‍ പ്രചരണം നടത്തുന്നത് സങ്കുചിത താല്‍പര്യക്കാരാണെന്നാണ് അഭിപ്രായപ്പെട്ടത്.
ചികിത്സ കിട്ടാതെ കുട്ടികള്‍ മരിയ്ക്കുന്ന നാട്ടില്‍ അമ്പലങ്ങളല്ല, ആശുപത്രികളാണ് ആദ്യം പണിയേണ്ടതെന്ന വിജയ് ഡയലോഗും ജി.എസ്.ടിക്കെതിരായ പരാമര്‍ശങ്ങളും മുന്‍ നിര്‍ത്തി ബി.ജെ.പി സംസ്ഥാന ഘടകമാണ് താരത്തിനെതിരെ പോര്‍മുഖം തുറന്നിരിക്കുന്നത്.
മെര്‍സലിലെ വിവാദ ഭാഗം ഒഴിവാക്കണമെന്ന ബി.ജെ.പി നിലപാടിനെതിരെയും, വിജയ്‌യുടെ വോട്ടേഴ്‌സ് ഐ.ഡി.കാര്‍ഡിന്റെ കോപ്പി പുറത്തുവിട്ട് ജോസഫ് വിജയ് ആണ് ഇതെന്ന് ചൂണ്ടിക്കാട്ടിയ പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജക്കെതിരെയും രൂക്ഷമായ പ്രതികരണങ്ങളാണ് തമിഴകത്ത് ഇപ്പോള്‍ അലയടിക്കുന്നത്.
ഇക്കാര്യത്തില്‍ തല്‍ക്കാലം പരസ്യമായ അഭിപ്രായപ്രകടനം ഉടനെ വിജയ് നടത്തുന്നില്ലെങ്കിലും ‘ലേറ്റായാലും ലേറ്റസ്റ്റായി’ തന്നെ മറുപടി പ്രതീക്ഷിക്കാമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
ഇതിനിടെ വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം സ്വകാര്യ ചാനല്‍ സംഭാഷണത്തില്‍ പറഞ്ഞ നിലപാടുകള്‍ തമിഴക രാഷ്ട്രീയത്തില്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിട്ടുണ്ട്.
തമിഴകത്ത് മാറ്റം കൊണ്ടുവരാന്‍ കമല്‍ഹാസനോ രജനിയോ മുന്നിട്ടിറങ്ങിയാല്‍ വിജയ് അവര്‍ക്കൊപ്പം ഉണ്ടാകുമെന്ന് പറഞ്ഞ പിതാവ് മികച്ച നേതാവാകാനുള്ള പക്വത അദ്ദേഹത്തിന്നുണ്ടെന്നും അഭിമുഖത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
എച്ച്. രാജയെ പോലുള്ള ബി.ജെ.പി നേതാക്കള്‍ ഇടുങ്ങിയ ചിന്താഗതിക്കാരനാണെന്ന് തുറന്നടിച്ച ചന്ദ്രശേഖര്‍ താന്‍ ക്രിസ്ത്യാനിയോ ഹിന്ദുവോ മുസ്ലീമോ അല്ലെന്നും മനുഷ്യനാണെന്നും മറുപടി നല്‍കി.
മെര്‍സലിനെ പിന്തുണച്ച് കമലും രജനിയും രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും ഇവരുടെ രാഷ്ട്രീയ പ്രവേശനമുണ്ടായാല്‍ വിജയ് കമലിനെ പിന്തുണയ്ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
നിഷ്പക്ഷ സ്വഭാവമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം കൊടുത്ത് വിശാല മുന്നണിയുണ്ടാക്കി അതില്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുകക്ഷികളെ സഹകരിപ്പിക്കുക എന്നതാണ് കമലിന്റെ രാഷ്ട്രീയ തന്ത്രം.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രത്യേകത മുന്‍നിര്‍ത്തി സി.പി.എം നേതൃത്വം തന്നെയാണ് ഇത്തരമൊരു നിര്‍ദേശം മുന്നാട്ട് വച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, വിജയ് ബി.ജെ.പിയില്‍ നിന്നും കടന്നാക്രമണം നേരിടുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ മുന്‍ സിനിമകളിലെ മാസ് ഡയലോഗുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇതില്‍ കര്‍ഷകരുടെ കഥ പറഞ്ഞ ‘കത്തി’ എന്ന സിനിമയില്‍ കമ്മ്യൂണിസം എന്ന് പറഞ്ഞാല്‍ എന്താണെന്ന് ചോദിച്ച പെണ്‍കുട്ടിയോട് വിജയ് കഥാപാത്രമായ കതിരേശന്‍ പറയുന്ന മാസ് ഡയലോഗാണ് കൂടുതലും പ്രചരിക്കുന്നത്.
സൂപ്പര്‍ സ്റ്റാറായ രജനികാന്തിന്റെ ആരാധകരക്കാള്‍ യുവ സമൂഹം കൂടുതലും ദളപതി എന്ന് അറിയപ്പെടുന്ന വിജയ് എന്ന യുവനടനൊപ്പമാണ്.
രാഷ്ട്രീയവും സിനിമയും ഇഴ കലര്‍ന്ന തമിഴകത്ത് ദളപതിയുടെ രാഷ്ട്രീയ നിലപാടിന് വലിയ പ്രാധാന്യമുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നത്.
മെര്‍സല്‍ സിനിമയിലെ ജി.എസ്.ടി വിവാദത്തിനൊപ്പം മതപരമായ ചില കാര്യങ്ങള്‍ കൂടി ഉന്നയിച്ച് ദളപതിക്കു നേരെ ബി.ജെ.പി നേതൃത്വം രംഗത്ത് വന്ന പശ്ചാത്തലത്തില്‍ അടുത്ത സിനിമയില്‍ ജോസഫ് വിജയ് ആയി തന്നെ അഭിനയിച്ച് വിജയ് മറുപടി കൊടുക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
സൂപ്പര്‍ ഹിറ്റ് സംവിധായകനായ മുരുകദാസ് ആണ് അടുത്ത വിജയ് സിനിമ സംവിധാനം ചെയ്യുന്നത്. ജനുവരിയില്‍ ഷൂട്ടിങ്ങ് ആരംഭിക്കും.