നമുക്ക് കൈകോര്‍ക്കാം; ചെന്നൈയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങണമെന്ന് ആരാധകരോട് വിജയ്

ചെന്നൈ: ചെന്നൈയില്‍ മഴ ദുരന്തം വിതച്ചതിനു പിന്നാലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ടാവണമെന്ന് തന്റെ ആരാധക സംഘടനകളോട് ചലച്ചിത്രനടന്‍ വിജയ്. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് സന്നദ്ധ സേവനത്തിനിറങ്ങണമെന്ന് ആരാധകരോട് വിജയ് നിര്‍ദേശിച്ചത്. സര്‍ക്കാരുമായി ചേര്‍ന്ന് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നമുക്ക് കൈകോര്‍ക്കാം, വിഷമങ്ങള്‍ തുടച്ചുനീക്കാം എന്നും വിജയ് എക്‌സില്‍ പോസ്റ്റ് ചെയ്തു. ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും മിഷോങ് ചുഴലിക്കാറ്റിനേത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ കുട്ടികളും സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. വെള്ളവും ഭക്ഷണവുമില്ലാതെയും മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാതെയും ആയിരക്കണക്കിന് ആളുകള്‍ ദുരിതമനുഭവിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വെള്ളപ്പൊക്കത്തില്‍ നിന്ന് കരകയറാന്‍ സഹായിക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെയും നിരവധിപേര്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ വേളയില്‍, ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ സന്നദ്ധപ്രവര്‍ത്തകരായി ഇറങ്ങണമെന്ന് എല്ലാ വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു എന്നാണ് സൂപ്പര്‍താരത്തിന്റെ വാക്കുകള്‍.

 

അതേസമയം വെള്ളക്കെട്ടും അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യവും തുടരുന്നതിനിടെ ചെന്നൈ നഗരവാസികള്‍ പ്രളയദുരിതം മറികടന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങി. നഗരത്തിലെ 60 ശതമാനം സ്ഥലത്തും വെള്ളക്കെട്ട് നീങ്ങുകയും വൈദ്യുതിയെത്തുകയും ചെയ്‌തെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ബന്ധം പൂര്‍വസ്ഥിതിയിലായിട്ടില്ല.

Top