കൊച്ചി: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി നടനും നിർമാതാവുമായ വിജയ് ബാബു ഹൈക്കോടതിയെ സമീപിക്കും. പുതുമുഖ നടി നൽകിയ പരാതിയിലാണ് പൊലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. ഹർജി ഹൈക്കോടതി ഉച്ചയ്ക്കു പരിഗണിക്കും.
കേസെടുത്തതിനു പിന്നാലെ വിജയ് ബാബു ദുബൈയിലേക്കു പോയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗളൂരു വഴിയാണ് വിജയ് ബാബു രാജ്യം വിട്ടതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി എന്നറിഞ്ഞതോടെ, കഴിഞ്ഞ ഞായറാഴ്ചയാണ് വിജയ് ബാബു ദുബൈയിലേക്ക് കടന്നുകളഞ്ഞത്. കീഴടങ്ങാതെ നടന് മറ്റു വഴികളില്ലെന്നും നടിയുടെ പരാതിയിൽ കഴമ്പുണ്ടെന്നാണ് ഓരോ നിമിഷവും തെളിയുന്നതെന്നും നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.
നടന് എതിരെ തെളിവായി സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ആഡംബര ഹോട്ടലിൽ പരാതിക്കാരിക്ക് ഒപ്പം എത്തിയതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.