വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലും വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ഈ രണ്ടു കേസുകളിലും വിജയ് ബാബുവിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. അറസ്റ്റ് തടഞ്ഞതിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്.നേരത്തെ ജാമ്യഹര്‍ജികള്‍ പരിഗണിച്ച വേളയില്‍ വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യണമെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

അതേസമയം ഇതിനെ എതിര്‍ത്ത വിജയ് ബാബു കോടതി നിര്‍ദേശിച്ച പ്രകാരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതിന് പിന്നാലെ പരാതിക്കാരിയുടെ പേര് സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസെടുത്തത്. ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെതെന്നും ബ്ലാക്ക്‌മെയിലിംഗിന്റെ ഭാഗമായുള്ള പരാതിയാണെന്നുമാണ് വിജയ് ബാബുവിന്റെ വാദം.

 

Top