കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജൂണ്‍ 27ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവാണം. രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം.തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി അറിയിച്ചു.
ഹൈകോടതിയാണ് വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസിന്റെ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും ഇനിയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമായിരുന്നു വിജയ് ബാബു കോടതിയില്‍ വാദിച്ചത്.
പരാതിക്കാരിയായ നടി തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണ്. സിനിമയില്‍ അവസരം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നടി തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതെന്നും വിജയ് ബാബു ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാര്‍ച്ച് 16, 22 തീയതികളില്‍ വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലെടുത്ത കേസിലാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
എന്നാല്‍, ഈ തീയതികള്‍ക്ക് ശേഷവും നടിയുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങളുടെ പകര്‍പ്പുകളും മറ്റും വിജയ് ബാബു ഹാജരാക്കിയിരുന്നു. പീഡിപ്പിച്ചെന്ന് പ്രഥമദൃഷ്‌ട്യാ വിലയിരുത്തിയാലും ഇയാളെ ഈ ഘട്ടത്തില്‍ ജയിലിലടക്കണമെന്ന് ആവശ്യപ്പെടുന്നതെന്തിനാണെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. പുറത്തുനിന്നാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് നടിയുടെ അഭിഭാഷകന്‍ വിശദീകരിച്ചിരുന്നു.