വിജയ് ബാബു നടിയെ കാണാന്‍ ശ്രമിക്കരുത്; അറസ്റ്റ് വിലക്കു തുടരും: ഹൈക്കോടതി

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതു വിലക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് അതുവരെ തുടരുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അറിയിച്ചു. പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്ന് നിര്‍ദേശിച്ച കോടതി വിജയ് ബാബു അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം കേസില്‍ വിജയ് ബാബുവിനെ പൊലീസ് ഇന്നും ചോദ്യം ചെയ്യുകയാണ്. രാവിലെ ഒമ്പതു മണിക്കു തന്നെ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തി. ഇന്നലെ ഒമ്പതു മണിക്കൂറോളം വിജയ് ബാബുവിനെ ചോദ്യം ചെയതിരുന്നു.

കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരിയായ നടിയുമായി ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് ഉണ്ടായിരുന്നതെന്നും വിജയ് ബാബു ഇന്നലെ മൊഴി നല്‍കി. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്ന് വിജയ് ബാബു പറയുന്നു. ഒളിവില്‍ പോകാന്‍ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു.

കോടതി ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെയാണ് 39 ദിവസത്തിന് ശേഷം വിജയ് ബാബു വിദേശത്തു നിന്നും തിരികെ കൊച്ചിയിലെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് വിജയ് ബാബു ആദ്യം പോയത് ക്ഷേത്രത്തിലേക്കായിരുന്നു. ആലുവയിലെ ദത്ത ആഞ്ജനേയ ക്ഷേത്രത്തിലാണ് വിജയ് ബാബു ദര്‍ശനം നടത്തിയത്. തുടര്‍ന്നാണ് എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്‌റ്റേഷനില്‍ ഹാജരായത്.

Top