കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിലുള്ള നടൻ വിജയ് ബാബു ജോർജിയയിൽനിന്ന് തിരികെ ദുബായിലെത്തി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ വിജയ് ബാബുവിനെ കൊച്ചിയിലെത്തിക്കാനാണ് കേരളാ പോലീസിന്റെ ശ്രമം.
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നു. ആദ്യം മടക്കടിക്കറ്റ് ഹാജരാക്കൂ, എന്നിട്ട് മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാം എന്നായിരുന്നു കോടതി ഈ വേളയിൽ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിൽ, കോടതി പറയുന്ന ഏതുദിവസം വേണമെങ്കിലും ഹാജരാകാമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെയാണ് വിജയ്ബാബുവിനെ കേരളത്തിലെത്തിക്കാൻ പോലീസ് ഊർജിത ശ്രമം ആരംഭിച്ചിരിക്കുന്നത്.
പോലീസ്, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലുമായി ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് വിജയ് ബാബു ജോർജിയയിൽനിന്ന് ദുബായിലേക്ക് മടങ്ങിയെത്തി എന്ന് വ്യക്തമായത്. മേയ് 17 രാത്രിയാണ് വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കിയത്. തൊട്ടുപിറ്റേന്ന് 18 രാവിലെ തന്നെ ഇയാൾ ദുബായിലേക്ക് മടങ്ങിയെത്തി. പോലീസ് ശക്തമായ നീക്കം ആരംഭിച്ച പശ്ചാത്തലത്തിൽ ജോർജിയയിൽ തുടരുന്നത് ഗുണകരമാകില്ലെന്ന് കണ്ടായിരുന്നു ഈ മടങ്ങിവരവ്.
ദുബായ് കോൺസുലേറ്റ് ജനറലിനെ ബന്ധപ്പെട്ട് വിജയ് ബാബുവിന് പ്രത്യേക യാത്രാരേഖ ലഭ്യമാക്കാനാണ് പോലീസ് നീക്കം. നേരത്തെ വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കിയ സാഹചര്യത്തിലാണിത്. വിജയ് ബാബു നാട്ടിലെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യാനാണ് പോലീസ് തീരുമാനം. കാരണം, മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ അറസ്റ്റ് പാടില്ല എന്നൊരു നിർദേശം ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ആദ്യം നാട്ടിലെത്തൂ, ശേഷം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതി പറഞ്ഞത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനും അറസ്റ്റ് ചെയ്യാനുമുള്ള പരിശ്രമത്തിലാണ് പോലീസ്. നടന് എതിരായ തെളിവുകളും ഇതിനോടകം ശേഖരിച്ചു കഴിഞ്ഞുവെന്നാണ് പോലീസ് പറയുന്നത്.
24-ന് മടങ്ങിയെത്തുമെന്നാണ് പാസ്‌പോർട്ട് ഓഫീസറോട് നേരത്തെ വിജയ് ബാബു പറഞ്ഞിരുന്നത്. 24-ന് എത്തിയില്ലെങ്കിൽ ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് ഇറക്കാനും അറസ്റ്റ് നടപടികളിലേക്ക് കടക്കാനുമായിരുന്നു പോലീസ് തീരുമാനം. ഈ ഘട്ടത്തിലാണ് കോടതി മുൻകൂർ ജാമ്യഹർജി പരിഗണിക്കുകയും കേസിൽ പുതിയ പുരോഗതി ഉണ്ടാവുകയും ചെയ്തിരിക്കുന്നത്. ഇതോടെ നാടുകടത്തൽ പ്രക്രിയയിലൂടെ വിജയ് ബാബുവിനെ ദുബായിൽനിന്ന് കേരളത്തിലേക്ക് എത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.