കൊച്ചി: ബലാത്സംഗ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റിന് സാധ്യത. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്ത് പറയാനാകില്ലെന്നും പൊലീസ് വ്യക്തമാക്കി. അതിനിടെ ഫെയ്സ്ബുക്ക് ലൈവിൽ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരേ കേസെടുത്തു.
ഗുരുതര വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. സിനിമാനടിയായ പരാതിക്കാരി 22നാണ് പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. സിനിമയിൽ കൂടുതൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി കൊച്ചിയിലെ ഫ്ലാറ്റിൽ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. തുടർന്ന് ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.