വിജയ് ദേവരകൊണ്ടയുടെ ഗീതാഗോവിന്ദം നൂറുകോടി ക്ലബ്ബിലെത്തി

വിജയ് ദേവരകൊണ്ടയുടെ ഗീതാഗോവിന്ദം നൂറുകോടി ക്ലബ്ബിലെത്തിയെന്ന് പുതിയ റിപ്പോര്‍ട്ട്. ആദ്യമായാണ് വിജയ് ദേവരകൊണ്ടയുടെ ഒരു ചിത്രം നൂറുകോടി ക്ലബ്ബിലെത്തുന്നത്. ട്വിറ്ററിലൂടെ താരവും ഈ വാര്‍ത്ത തന്റെ ആരാധകരുമായി ഷെയര്‍ ചെയ്തിട്ടുണ്ട്. സിനിമയെ വന്‍ വിജയമാക്കി മാറ്റിയ സഹതാരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും നന്ദി പറയുകയാണ് വിജയ്.

ആദ്യ നൂറുകോടി ക്ലബ്ബിലെത്തിയ എന്റെ സിനിമയുടെ വിജയം ഗീതഗോവിന്ദത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും സഹതാരങ്ങള്‍ക്കും തെലുങ്ക്-തമിഴ്- മലയാളം-കന്നട പ്രേക്ഷകര്‍ക്കുമായി സമര്‍പ്പിക്കാനാണ് ഞാനാഗ്രഹിക്കുന്നത് എന്നാണ് വിജയ് ട്വിറ്ററില്‍ കുറിച്ചത്. ധാരാളം നര്‍മ്മ മുഹൂര്‍ത്തങ്ങളുള്ള ഈ റൊമാന്റിക് ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയാകുന്നത്.

തമിഴിലെ അരങ്ങേറ്റ ചിത്രമായ നോട്ടയും, തെലുങ്കുചിത്രം ടാകസിവാലയുമാണ് ഇനി പുറത്തിറങ്ങാനുള്ള വിജയ് ദേവരകൊണ്ടയുടെ
പുതിയ ചിത്രങ്ങള്‍. പീലി ചൂപ്പുലു, അര്‍ജ്ജുന്‍ റെഡ്ഡി, മഹാനടി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സു കവര്‍ന്ന നടനാണ് വിജയ് ദേവരകൊണ്ട.

കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത താരങ്ങളില്‍ ആദ്യ പട്ടികയിലും വിജയ് ദേവരകൊണ്ട സ്ഥാനം നേടിയിരുന്നു. ഓഗസ്റ്റ് 12ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 5 ലക്ഷം രൂപ നല്‍കിയെന്ന് ട്വിറ്ററില്‍ പ്രഖ്യാപിക്കുകയും കൂടുതല്‍ പേരെ സംഭാവന ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു വിജയ്‌ ദേവരകൊണ്ട.

Top