തദ്ദേശ തിരഞ്ഞെടുപ്പിൽ ‘വിറപ്പിക്കാൻ’ വിജയ് ഫാൻസ്, അട്ടിമറിക്ക് സാധ്യത

മിഴകത്ത് വീണ്ടും ഒരു തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയിരിക്കുകയാണ്. ചെന്നൈ നഗരം ഉള്‍പ്പെടെയുള്ള വന്‍കിട നഗരങ്ങളിലും മറ്റുമായി നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പ് ഭരണപക്ഷത്തിനു മാത്രമല്ല പ്രതിപക്ഷത്തിനും ഏറെ നിര്‍ണ്ണായകമാണ്. എന്നാല്‍, ഇരുവിഭാഗവും ഇപ്പോള്‍ ഭയക്കുന്നത് നടന്‍ ദളപതി വിജയ്‌യുടെ ആരാധകരെയാണ്.

ഗ്രാമപ്രദേശങ്ങളിലെ തദ്ദേശതിരഞ്ഞെടുപ്പില്‍ വിജയ് മക്കള്‍ ഇയക്കം മത്സരിച്ച 160 സീറ്റുകളില്‍ 129 എണ്ണത്തിലും തകര്‍പ്പന്‍ വിജയമാണ് നേടിയിരുന്നത്. വിജയ്‌യുടെ ഫോട്ടോ മാത്രം ഉയര്‍ത്തി കാട്ടിയായിരുന്നു ആരാധകര്‍ വോട്ട് തേടിയിരുന്നത് എന്നതും എടുത്തു പറയേണ്ട കാര്യം തന്നെയാണ്.

ഇത്തരമൊരു മത്സരത്തിന് നടന്‍ വിജയ് ശരിക്കും എതിരായിരുന്നു. താന്‍ പ്രചരണത്തിന് ഇറങ്ങില്ലന്നു വരെ ഒരു ഘട്ടത്തില്‍ താരം വ്യക്തമാക്കുകയുണ്ടായി. തന്റെ ഫോട്ടോ ഉപയോഗിക്കാനുള്ള അനുമതി മാത്രമാണ് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയ് നല്‍കിയിരുന്നത്. അതും, ‘വിജയ് മക്കള്‍ ഇയക്കം’ ഭാരവാഹികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു എന്നതും നാം ഓര്‍ക്കണം.

ഈ തിരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് വിജയ്‌യെ മാത്രമല്ല തമിഴകത്തെ സകല രാഷ്ട്രീയ നേതാക്കളെയുമാണ് ഞെട്ടിച്ചിരുന്നത്. ദളപതിയുടെ ഫോട്ടോ മാത്രം ഉയര്‍ത്തി കാട്ടിയ സ്ഥാനാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും അട്ടിമറി വിജയം നേടുക എന്നത് അവര്‍ക്കു പോലും അപ്രതീക്ഷിതമായിരുന്നു. ഈ തകര്‍പ്പന്‍ വിജയമാണ് ഫെബ്രുവരിയില്‍ നടക്കുന്ന നഗരപ്രദേശങ്ങളിലെ തിരഞ്ഞെടുപ്പിലും മത്സരിക്കാന്‍ വിജയ് ആരാധകരെ പ്രേരിപ്പിച്ചിരിക്കുന്നത്. ഇതിനു അനുകൂലമായ നിലപാടാണ് വിജയ്‌യും നിലവില്‍ സ്വീകരിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ തന്റെ ചിത്രവും പേരും മാത്രമല്ല സംഘടനയുടെ കൊടിയും ഉപയോഗിക്കാന്‍ വിജയ് അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ തീപാറുന്ന മത്സരത്തിനാണ് തമിഴകം ഇനി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ആനന്ദ് തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പൊതുചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും കമ്മിഷന്‍ ഈ ആവശ്യം തള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്.

ആരാധക സംഘടനയെ രാഷ്ട്രീയപ്പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാത്തതാണ് ഇതിനു കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. രജിസ്ട്രേഷനുള്ള പാര്‍ട്ടികള്‍ക്ക് മാത്രമേ പൊതുചിഹ്നം അനുവദിക്കാന്‍ കഴിയൂവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചിഹ്നമായി ഓട്ടോ അനുവദിക്കണമെന്നതായിരുന്നു വിജയ് മക്കള്‍ ഇയക്കം ആവശ്യപ്പെട്ടിരുന്നത്. പൊതുചിഹ്നം അനുവദിച്ചില്ലങ്കിലും അത് തങ്ങളുടെ വിജയസാധ്യതയെ ബാധിക്കില്ലന്ന കണക്കുകൂട്ടലിലാണ് വിജയ് മക്കള്‍ ഇയക്കം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.

അവരുടെ പ്രവര്‍ത്തനങ്ങളും ശക്തമായാണ് നടക്കുന്നത്. ഈ തിരഞ്ഞെടുപ്പിലും വിജയ് ആരാധകര്‍ വന്‍ വിജയം നേടിയാല്‍ അത് വന്‍രാഷ്ട്രീയ ധ്രുവീകരണത്തിനാണ് കാരണമാകുക. അടുത്ത ലോകസഭ തിരഞ്ഞെടുപ്പിനു മുന്‍പ് നടക്കുന്ന ഒരു റിഹേഴ്‌സലായാണ് തദ്ദേശതിരഞ്ഞെടുപ്പിനെ തമിഴകത്തെ രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.

മുഖ്യമന്ത്രി എന്ന നിലയിലുള്ള സ്റ്റാലിന്റെ ക്ലീന്‍ ഇമേജാണ് ഡി.എം.കെ മുന്നണിയുടെ വിജയ പ്രതീക്ഷ. അണ്ണാ ഡി.എം.കെ, ബി.ജെ.പി തുടങ്ങിയ പ്രതിപക്ഷപാര്‍ട്ടികളും തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. ഒരു കാരണവശാലും വിജയ് ആരാധകര്‍ വിജയിക്കുന്ന സാഹചര്യം ഉണ്ടാകരുത് എന്നാണ് ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ആഗ്രഹിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയ് മക്കള്‍ ഇയക്കം കരുത്ത് തെളിയിച്ചാല്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അടിവേര് തന്നെ തകരുമെന്നാണ് ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഭയപ്പെടുന്നത്. മാത്രമല്ല ലോകസഭ തിരഞ്ഞെടുപ്പിലെ ഇവരുടെ പ്രതീക്ഷകളുടെ മേലും അതോടെ കരിനിഴല്‍ പടരും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം ഉണ്ടാക്കിയാല്‍ തീര്‍ച്ചയായും രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി മത്സരിക്കുമെന്നാണ് വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളും പറയുന്നത്. ആ ഘട്ടത്തില്‍ വിജയ് തന്നെ പ്രചരണം നയിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. 39 ലോകസഭ അംഗങ്ങളുള്ള തമിഴകത്തിന് രാജ്യം ആരാണ് ഭരിക്കേണ്ടതെന്നു തീരുമാനിക്കുന്നതിലും നിര്‍ണ്ണായക പങ്കാണു ഉള്ളത്. കേന്ദ്രത്തില്‍ അധികാര കേന്ദ്രമായി ദളപതി വിജയ് മാറുക എന്നത് ദ്രാവിഡ രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച് ചിന്തിക്കാവുന്നതിലും അപ്പുറമാണ്.

സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്ന തമിഴകത്ത് പ്രവചനങ്ങള്‍ തന്നെ അസാധ്യമാണ്. വിജയ് എന്ന സൂപ്പര്‍സ്റ്റാറിന് തമിഴകത്തുള്ള ജനപിന്തുണ മറ്റൊരാള്‍ക്കും ഇപ്പോള്‍ നിലവിലില്ല. സാക്ഷാല്‍ രജനീകാന്തിനു പോലും പഴയ പിന്തുണ ഇപ്പോഴില്ല. കൊച്ചുകുട്ടികള്‍ മുതല്‍ സ്ത്രീകളും വൃദ്ധരും വരെ ഇഷ്ടപ്പെടുന്ന താരമായാണ് വിജയ് ഇതിനകം തന്നെ മാറിയിരിക്കുന്നത്. ഓരോ ജില്ലകളിലും ലക്ഷക്കണക്കിന് ആരാധകര്‍ ദളപതിക്കുണ്ട്. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ‘വിജയ് മക്കള്‍ ഇയക്കം’ സജീവമായതിനാല്‍ അവരുടെ ജനകീയ അടിത്തറയും ശക്തമാണ്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ജയം നേടാന്‍ വിജയ് ആരാധകര്‍ക്ക് കഴിഞ്ഞതും ഈ ജനപിന്തുണ ഒന്നു കൊണ്ടു മാത്രമാണ്. എം.ജി ആറിനും ജയലളിതയ്ക്കും ഒരു പിന്‍ഗാമിയായാണ് ദളപതിയെ അദ്ദേഹത്തിന്റെ ആരാധകര്‍ ചിത്രീകരിക്കുന്നത്. ഇപ്പോള്‍ രാഷ്ട്രീയത്തോട് മുഖം തിരിച്ചു നില്‍ക്കുകയാണെങ്കിലും തദ്ദേശതിരഞ്ഞെടുപ്പില്‍ വിജയം നേടിയാല്‍ വിജയ്‌യുടെ മനസ്സും അതോടെ മാറുക തന്നെ ചെയ്യും. അതിന്റെ പ്രതിഫലനം ലോകസഭ തിരഞ്ഞെടുപ്പിലും പ്രകടമാകും.

നൂറു കോടി പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ താരമാണ് നിലവില്‍ വിജയ്. ഈ പ്രായത്തില്‍ രാജ്യത്തെ മറ്റൊരു താരവും വാങ്ങാത്ത പ്രതിഫലമാണിത്. ഇതെല്ലാം കളഞ്ഞ് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ വിജയ് തീരുമാനിച്ചാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ പ്രധാന എതിരാളിയും വിജയ് മാത്രം ആയിരിക്കും. അക്കാര്യവും ഉറപ്പാണ്.

 

EXPRESS KERALA VIEW

Top